ആന്ധ്രപ്രദേശിലെ സർക്കാർ ആശുപത്രിയിൽ 11 കോവിഡ് രോഗികള്‍ ജീവവായു കിട്ടാതെ പിടഞ്ഞ് മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 രോഗികൾ പിടഞ്ഞു മരിച്ചു. വെന്റിലേറ്ററിന്റെ സഹായത്താൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചത്.
തിരുപ്പതിയിലെ എസ്വിആർആർ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികൾ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. വിവരം കോവിഡ് രോഗികളുടെ ബന്ധുക്കളെ അറിയിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ തീവ്രപരിചണ വിഭാഗത്തിൽ ഇരച്ചെത്തി.
ഓക്സിജൻ വിതരണം മിനുട്ടുകൾ മാത്രമാണ് തടസ്സപ്പെട്ടതെന്നാണ് അധികൃതർ പറയുന്നതെങ്കിലും 25 മിനുട്ടോളം ഓക്സിജൻ വിതരണം തടസ്സപ്പെട്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 135ഓളം ഐസിയുബെഡ്ഡും 400ലധികം ഓക്സിജൻ ബെഡ്ഡും ആശുപത്രിയിലുണ്ട്. എന്നാൽ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്. ആയിരം ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ ടാങ്കിലെ ഓക്സിജൻ തീർന്നിരുന്നു. തമിഴ്നാട്ടിൽ നിന്ന് വന്ന ഓക്സിജൻ ടാങ്കറിൽ നിന്ന് സംഭരണിയിലേക്ക് ഓക്സിജൻ കയറ്റുന്നതിനിടെയുണ്ടായ തടസ്സമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചത്.
ഹാൻഡ് ഫാനുകളും മറ്റ് മാർഗ്ഗങ്ങളും ഉപയോഗിച്ച് രോഗികളുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാരും ബന്ധുക്കളും കിണഞ്ഞു പരിശ്രമിക്കുന്ന കരളലിയിക്കുന്ന വീഡിയോകൾ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.
ദുരന്തം അറിഞ്ഞ ജില്ലാ കളക്ടർ എം ഹരി നാരായണ ആശുപത്രിയിൽ എത്തി. ഓക്സിജൻ വിതരണം അട്ടിമറിക്കാൻ എന്തെങ്കിലും ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: 11 die in Tirupati hospital after oxygen disruption

