കാസർകോട് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടി കയറി; ആശുപത്രിയിലെത്തിയ രോഗിക്ക് നേരെയും കയ്യേറ്റ ശ്രമം

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അക്രമി ഓടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊവ്വല്‍ സ്വദേശി ഫാറൂഖ് ആണ് അക്രമമഴിച്ചുവിട്ടത്. കാസര്‍കോട് മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആശുപത്രിയിലെത്തിയ രോഗിയെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. പൊലീസ് എത്തി ഫാറൂഖിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിലും സമാന സംഭവമുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം . പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. ഇയാള്‍ മദ്യലഹരിയിലായിരുന്നു. പിന്നീട് കൈകാലുകള്‍ ബന്ധച്ചശേഷമാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്

