ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി! കാസര്‍കോട് സ്വദേശിനിയുടെ കവിത ശശി തരൂര്‍ എംപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ വൈറലായി; ഡോ. എം കെ റുഖയ്യയ്ക്കിത് അഭിമാന നിമിഷം

കാസര്‍കോട്: കാസര്‍കോട് സ്വദേശിനി ഡോ. എം കെ റുഖയ്യ രചിച്ച ഇന്ഗ്ലീഷ് കവിത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍.
ബീഫും പന്നിയിറച്ചിയും മദ്യവും അതിഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്ക് ഒരേ ടേബിളില്‍ ഇരുന്ന് കഴിക്കാന്‍ സാധിക്കുന്നതും മതം നോക്കാതെ വിവാഹം കഴിപ്പിച്ചയക്കുകയും നിരീശ്വരവാദികള്‍ പോലും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കുകയും ചെയ്യുന്ന നാടാണിതെന്നും ഇതൊക്കെയാണ് കേരളത്തിന്റെ സ്റ്റോറിയെന്നും മനോഹരമായ വരികളിലൂടെ റുഖയ്യ വിവരിക്കുന്നു.
ശശി തരൂര്‍ ഫേസ്ബുകിലും ട്വിറ്ററിലും പങ്കുവെച്ച കവിതയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. കേരളത്തിന് പുറത്തുള്ളവരുടെയും പ്രശംസ കവിത നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളജ് ഇന്ഗ്ലീഷ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസറാണ് മൊഗ്രാല്‍ സ്വദേശിനിയായ ഡോ. എം കെ റുഖയ്യ. എയര്‍ ഇന്‍ഡ്യയില്‍ ഉദ്യോഗസ്ഥനായിരുന്ന മൊഗ്രാല്‍ കൊപ്ര ബസാറിലെ എം മുഹമ്മദ് കുഞ്ഞി – മറിയം ദമ്ബതികളുടെ മകളാണ്.
ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇന്ഗ്ലീഷ് കവിതയുടെ വിശാലമായ ലോകത്തിലേക്കും സാഹിത്യ നിരൂപണത്തിലേക്കും കടന്നുചെന്ന പ്രതിഭയാണ് റുഖയ്യ. ഇതിനോടകം അനവധി കവിതകള്‍ രചിച്ചിട്ടുള്ള ഇവര്‍ ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളിലും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങളിലെ മികച്ച ഇന്ഗ്ലീഷ് കവിതകള്‍ക്ക് സിഗ്നിഫികന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്കുന്ന 2021ലെ ‘റുഅല്‍ അവാര്‍ഡിന്’ അര്‍ഹയായിരുന്നു ഇവര്‍. 2011, 2012, 2013 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ യാഹു ഡോട് കോം ലോകത്തെ മികച്ച 1000 ഇന്ഗ്ലീഷ് എഴുത്തുകാരില്‍ ഒരാളായും റുഖയ്യയെ തിരഞ്ഞെടുത്തിരുന്നു. വുമന്‍ എംപവേര്‍ഡ് ഇന്‍ഡ്യയുടെ കമലാ ദാസ് സീരീസിലെ 2020 ലെ ‘ബെസ്റ്റ് ഗിഫ്റ്റഡ് പൊയറ്റ്’ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ന്യൂ ബുക് സൊസൈറ്റി ഓഫ് ഇന്‍ഡ്യ, എക്ഫ്രാസിസ് ഇന്‍ഡ്യ, സ്റ്റോറി മിറര്‍ ഡോട് കോം, ഈജിപ്തിലെ ഫോര്ഗോടന് റൈറ്റേഴ്സ് ഫൗന്ഡേഷന് എന്നിവയില്‍ നിന്നുള്ള അവാര്‍ഡുകളും നേടിയിട്ടുണ്ട്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇന്ഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യ എഴുത്തിന്റെ വഴിയില്‍ അഭിമാനത്തോടെ മുന്നേറുകയാണ്.


