മാസ്ക് മാറ്റരുത്’; കോവിഡ് കൂടുന്നത് നാലാം തരംഗമായി കാണാനാകില്ല: വിദഗ്ധസമിതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ തരംഗമായി കാണാനാകില്ല. കേസുകൾ വലിയ രീതിയിൽ കൂടിയാൽ പ്രശ്നമാകുമെന്നതിനാൽ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദഗ്ധസമിതി പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ 2,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് 2,000 കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 13ന് മുകളിലാണ്. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,000 കടന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 7,000 കടന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് പുതിയ കേസുകളുടെ 70 ശതമാനവും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി. കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

