പ്രധാനമന്ത്രിയെ കാണണമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണം; പുതിയ തീരുമാനം രോഗബാധ ഉയരുന്നതിനിടെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനെത്തുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിര്‍ബന്ധമാക്കി. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ 70 ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാനായി സമയം നിശ്ചയിച്ചിരുന്നതാണ്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെല്ലാം ആര്‍ടി- പിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടിവരും.
ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അനുമോദിക്കാന്‍ മോദി സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30-നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. അത്താഴവിരുന്നിൽ പങ്കെടുക്കുന്നവർ ആര്‍ടി-പിസിആര്‍ ചെയ്ത് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടിവരും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കര്‍ണാടകയില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രാജ്യത്ത് 7000 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലാണ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. കോവിഡ് വ്യാപനം മുന്നില്‍കണ്ട് രാജ്യത്ത് തയ്യാറെടുപ്പുകള്‍ നടത്താനുള്ള മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചിരുന്നു.