ചോരാത്ത കൈകളുമായി ഫൈനലിലും തിളങ്ങി എമിലിയാനൊ മാര്‍ട്ടിനെസ്

28വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള ഈ കിരീട നേട്ടത്തിന് അർജന്റീന ആരാധകർ ആരോടാകും നന്ദി പറയുക. ഫൈനലിലെ ഗോൾ സ്കോറർ ഏയ്ഞ്ചൽ ഡി മരിയയോടോ അതോ എന്നും അർജന്റീന എന്ന ടീമിനെ നെഞ്ചേറ്റുന്ന ലയണൽ മെസ്സിയെന്ന അദ്ഭുത മനുഷ്യനോടോ? ഇവരേക്കാളേറെ ലോകമെമ്പാടുമുള്ള അൻജന്റീന ആരാധകർ നന്ദി പറയേണ്ട ഒരാളുണ്ട്, എന്നും ടീമിന്റെ ഗോൾ വരയ്ക്കു മുന്നിൽ ചോരാത്ത കൈകളുമായി നിന്ന എമിലിയാനൊ മാർട്ടിനെസ് എന്ന വണ്ടർ ഗോൾകീപ്പറോട്. കൊളംബിയക്കെതിരായ സെമി ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ആരും തന്നെ അർജന്റീനയ്ക്ക് കാര്യമായ സാധ്യതകൾ കൽപ്പിച്ചുനൽകിയിരുന്നില്ല. അർജന്റീനയ്ക്കായി ഗോൾവല കാക്കാൻ നിന്നിരുന്നത് എമിലിയാനൊ മാർട്ടിനെസ് എന്ന പരിചയ സമ്പന്നനല്ലാത്ത ഗോൾ കീപ്പർ. മറുവശത്തോ ഡേവിഡ് ഒസ്പിന എന്ന കരുത്തനും. പക്ഷേ എല്ലാവരേയും ഞെട്ടിച്ച് ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടുത്തിട്ട മാർട്ടിനെസ് ടീമിന് ഫൈനൽ ടിക്കറ്റ് സമ്മാനിച്ചു. ബ്രസീലിനെതിരായ കലാശപ്പോരിൽ ഒരു ഗോളിന് മുന്നിട്ടുനിൽക്കേ ബ്രസീലിന്റെ ഉറച്ച രണ്ട് ഗോളവസരങ്ങൾ തട്ടിയകറ്റിയ മാർട്ടിനെസാണ് കാനറികളുടെ സ്വപ്നങ്ങൾക്ക് തടയിട്ടത്. രണ്ടാം പകുതിയിൽ ഫ്രെഡിനെ പിൻവലിച്ച് റോബർട്ടോ ഫിർമിനോയെ കളത്തിലിറക്കി ബ്രസീൽ ആക്രമണം ശക്തമാക്കുന്ന സമയത്താണ് മാർട്ടിനെസ് ആദ്യം നീലപ്പടയുടെ രക്ഷയ്ക്കെത്തിയത്. 54-ാം മിനിറ്റിൽ അർജന്റീന ബോക്സിലേക്ക് റിച്ചാർലിസന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് മാർട്ടിനെസ് രക്ഷപ്പെടുത്തി. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ അർജന്റീനയുടെ ഗോൾമുഖം നിരന്തരം ആക്രമിക്കുന്ന ഘട്ടത്തിലാണ് മാർട്ടിനെസിന്റെ രണ്ടാമത്തെ പ്രധാന സേവ് വരുന്നത്. പകരക്കാരനായി ടിറ്റെ കളത്തിലിറക്കിയ ഗബ്രിയേൽ ബാർബോസയുടെ 87-ാം മിനിറ്റിലെ ഗോളെന്നുറച്ച വോളിയാണ് ഇത്തവണ മാർട്ടിനെസ് അവിശ്വസനീയമായി തട്ടിയകറ്റിയത്. തലയിൽ കൈവെച്ചാണ് ബ്രസീൽ താരങ്ങൾ ഈ നിമിഷത്തോട് പ്രതികരിച്ചത്. കൊളംബിയക്കെതിരേ പുറത്തെടുത്ത അതേ ഫോം ഫൈനലിലും മാർട്ടിനെസ് തുടർന്നു. ടീമിലെ ഫസ്റ്റ് ഗോൾകീപ്പറായ ഫ്രാങ്കോ അർമാനി എന്ന പരിചയസമ്പന്നന്‍ പകരം തന്നിൽ വിശ്വാസമർപ്പിച്ച പരിശീലകൻ ലയണൽ സ്കലോനിയുടെ വിശ്വാസം കാക്കാനും മാർട്ടിനെസിനായി. ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ഗോൾവല കാക്കുന്നു എന്നതിന്റെ പരിഭ്രമമൊന്നും മാർട്ടിനെസിന്റെ പ്രകടനത്തിൽ ഇല്ലായിരുന്നു.

