28 വര്‍ഷങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ ഒരു കിരീടം അര്‍ജന്റീനയുടെ മണ്ണിലേക്ക്

ഒടുവിൽ നീലയും വെള്ളയും കലർന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വർഷങ്ങൾക്കു ശേഷം ഒടുവിൽ ഒരു സീനിയർ ഫുട്ബോൾ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാർക്ക് സ്വന്തം. ഞായറാഴ്ച പുർച്ചെ നടന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടത്. ഇതിനു മുമ്പ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വർഷങ്ങളിൽ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വർഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോൽക്കാനായിരുന്നു വിധി. ഇത്തവണ പക്ഷേ ആ കേട് മെസ്സിയും സംഘവും തീർത്തു. ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിനു ചേർന്ന കളിയൊന്നുമായിരുന്നില്ല ഇരു ടീമും കാഴ്ച വെച്ചത്. എങ്കിലും ലഭിച്ച അവസരം ഏയ്ഞ്ചൽ ഡി മരിയ മുതലാക്കിയപ്പോൾ അത് അർജന്റീനയ്ക്ക് ലഭിച്ച ഭാഗ്യമായി. പിന്നീടങ്ങോട്ട് ബ്രസീലിന്റെ കടുത്ത മുന്നേറ്റങ്ങൾ തടഞ്ഞ അർജന്റീന പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും കിരീട വിജയത്തിൽ നിർണായക പങ്കു വഹിച്ചു. 2014-ലെ ലോകകപ്പ് ഫൈനലിലെ തോൽവി അർജന്റീനയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. അടുത്തടുത്തായി മൂന്ന് പ്രധാന ടൂർണമെന്റുകളുടെ കലാശപ്പോരിലാണ് അവർക്ക് കാലിടറിയത്. എന്നാൽ ഇത്തവണ അത് സംഭവിച്ചില്ല. കാത്തിരിപ്പിനൊടുവിൽ അർജന്റീന ആരാധകർക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരു കിരീട നേട്ടം

