KSDLIVENEWS

Real news for everyone

വിഴിഞ്ഞം തുറമുഖം സർക്കാരും ജനങ്ങളും ഒരുമിച്ചു യാഥാർഥ്യമാക്കുന്ന സ്വപ്നം : മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കു  മുതൽക്കൂട്ടാകുമെന്നും ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർഥ്യമാക്കുന്ന സ്വപ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്‌നർ വ്യവസായത്തിന്റെ കേന്ദ്രമായി കേരളം മാറും. അഭിമാനപൂർവം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. 

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-ന് എത്തിച്ചേരുകയാണ്. 2015 ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പു വയ്ക്കുന്നത്. ആ വർഷം ഡിസംബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. 


തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ കൈക്കൊണ്ടത്. പ്രത്യേക പ്രവർത്തന കലണ്ടർ തയാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയാറാക്കിയുമാണ് നിർമാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമാണത്തിനുള്ള കരാർ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു. 

വിഴിഞ്ഞം നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങളുടെ  പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.

ഈ തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ വ്യവസായത്തിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും. ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂർവം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാം.

error: Content is protected !!