KSDLIVENEWS

Real news for everyone

ലൈഫ് മിഷന്‍ പദ്ധതിയില്‍ കിട്ടിയ വീട് കേരള ബേങ്ക് ജപ്തി ചെയ്തു; യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് കുടുംബത്തെ അകത്തു കയറ്റി

SHARE THIS ON

പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയില്‍ കിട്ടിയ വീട് കേരള ബേങ്ക് ജപ്തി ചെയ്തു. പത്തനംതിട്ട ജില്ലയിലെ റാന്നി കൊറ്റനാട് കൊച്ചു കളീക്കല്‍ പ്രഹ്ലാദന്റെ മൂന്നു സെന്റ് സ്ഥലവും വീടുമാണ് ജപ്തി ചെയ്തത്. രാവിലെ 11 ഓടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ജപ്തി. തുടര്‍ന്ന് സര്‍ഫാസി പ്രകാരമുള്ള നടപടികള്‍ വിശദീകരിച്ച് വീടിനു മുമ്പില്‍ ബോര്‍ഡ് വെച്ചു. വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ്സ്- യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് പുറത്താക്കപ്പെട്ട കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചു.

പത്തനംതിട്ട സി ജെ എം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജപ്തി ഉണ്ടായതെന്ന് ജില്ലാ ജനറല്‍ മാനേജര്‍ വിശദീകരിച്ചു. വായ്പയ്ക്ക് ഈടുവച്ച ഭൂമി കൈമാറ്റം ചെയ്യപ്പെട്ട വിവരം രണ്ടുവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നുവെന്നും തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നും കേരളാ ബേങ്ക് ജില്ലാ ജനറല്‍ മാനേജര്‍ ശ്രീദേവി അമ്മ പ്രതികരിച്ചു.

2017 ജൂണ്‍ മാസത്തിലാണ് പ്രഹ്ലാദന്‍ സമീപവാസിയായ വിജയകുമാറില്‍ നിന്നും സ്ഥലം വാങ്ങിയത്. ഇടപാടിന് രണ്ടു മാസം മുമ്പേ ഈ സ്ഥലം, ഈടുവെച്ച് വിജയകുമാര്‍ മൂന്നുലക്ഷം രൂപ വായ്പ നേടിയിരുന്നു. ഇത് പ്രഹ്ലാദന്‍ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. ഇതിനിടയിലും മാസങ്ങള്‍ക്ക് മുമ്പ് ബേങ്ക് അധികൃതര്‍ എത്തി, വായ്പാ വിഷയം ധരിപ്പിച്ചിരുന്നതായി പ്ലഹ്ലാദന്റെ ബന്ധു പറഞ്ഞു. മന്ത്രിമാര്‍ അടക്കം നിരവധി പേരെ കണ്ടു. പക്ഷേ ഫലമുണ്ടായില്ലെന്ന് ജപ്തി ചെയ്ത വീടിന്റെ ഉടമയുടെ ബന്ധുവായ ജിഷ പറഞ്ഞു. വസ്തു സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച് ഉറപ്പാക്കിയാണ് ലൈഫ് പദ്ധതിയില്‍ പ്രഹ്ലാദന് വീട് അനുവദിച്ചത്. അപ്പോഴും, ബേങ്ക് വായ്പ സംബന്ധിച്ച് ഒരു സൂചനയും ലഭ്യമായില്ല എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!