നിര്‍മാണചെലവ് 40 കോടി; ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേല്‍പ്പാലം

പുനെ: ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേല്‍പ്പാലം.പലാവ ഫ്ലൈഓവറാണ് തുറന്ന് കൊടുത്തതിന് പിന്നാലെ ടാറിങ്ങടക്കം ഇളകിമാറി അപകടകരമായ അവസ്ഥയിലായതിനെത്തുടര്‍ന്ന് അടച്ചത്.
ജൂലൈ നാലിനാണ് ശിവസേന എംഎല്‍എ രാജേഷ് മോറെ പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ പാലത്തില്‍ തെന്നി വീണ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു.
കല്യാണ്‍-ഷില്‍ റോഡിലാണ് സ്ഥിതി ചെയ്യുന്ന 562 മീറ്റർ നീളമുള്ള പലാവ പാലം 40 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ പാലം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. സുരക്ഷാ കാരണങ്ങളാലാണ് പാലം അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.
റോഡിലെ ഗ്രിപ്പ് മെച്ചപ്പെടുത്തുന്നതിനായി നേർത്ത ചരല് വിതറിയ ശേഷം അധികൃതർ പിന്നീട് പാലം വീണ്ടും തുറന്നു കൊടുത്തു.എന്നാല്‍ ഭരണകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിനെതിരെ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും മഹാരാഷ്ട്ര നവനിർമ്മാണ്‍ സേനയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍വെച്ചാണ് പാലം നിര്‍മാണം നടത്തിയതെന്നും തിടുക്കത്തില്‍ ഉദ്ഘാടനം നടത്തുകയും ചെയ്തതാണ് പാലം തകരാന്‍ കാരണമെന്ന് പ്രതിപക്ഷേ ആരോപിച്ചു.
കനത്തമഴയില്‍ മണ്ണും ചരലും ടാറുമെല്ലാം ഒലിച്ചുപോയ പാലത്തിന്റെ ദൃശ്യങ്ങള്‍ മുൻ എംഎൻഎസ് എംഎല്‍എ പ്രമോദ് രത്തൻ പാട്ടീല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. നിര്‍മാണത്തിലെ അപാകതകളും പണികള്‍ പൂര്‍ത്തിയാകാതെ പാലം തുറക്കാനുള്ള തീരുമാനത്തെയും എംഎല്‍എ വിമര്‍ശിച്ചു.പൊട്ടിപ്പൊളിഞ്ഞ പാലത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് മറുപടിയായി പാലത്തില്‍ പ്രശ്നങ്ങളില്ലെന്നും അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയെന്നും ഷിൻഡെ വിഭാഗം അറിയിച്ചു. പാലത്തിലൂടെ ഗതാഗതങ്ങള്‍ സഞ്ചരിക്കുന്ന വിഡിയോകളും പുറത്ത് വിട്ടു.
ഷില്‍ഫാട്ട-കല്യാണ്‍ നഗരങ്ങള്‍ക്കിടയിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയായിരന്നു പദ്ധതി ആരംഭിച്ചത്. 2018 ഡിസംബറില്‍ ഫ്ലൈഓവറിന്റെ നിർമ്മാണം ആരംഭിച്ചത്.