Covid_19 വ്യാപനം: കാഞ്ഞങ്ങാടും ചെറുവത്തൂരും കർശന നിയന്ത്രണത്തിൽ.
കാഞ്ഞങ്ങാട് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുടിയതോടെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കാഞ്ഞങ്ങാട് നഗരസഭയും ചെറുവത്തൂർ പഞ്ചായത്തും തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്ന് യോഗം വ്യക്തമാക്കി. നഗരസഭാധ്യക്ഷൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. ജാഫർ, കൗൺസിലർമാരായ കെ .മുഹമ്മദ് കുഞ്ഞി, എം.എം.നാരായണൻ, എച്ച്.ആർ.ശ്രീധരൻ, നഗരസഭ സെക്രട്ടറി എം.കെ.ഗിരിഷ്, ഹെൽത്ത് സൂപ്പർവൈസർ രാജ ഗോപാലൻ, വ്യാപാരി സംഘടന പ്രതിനിധികൾ, വില്ലേജ് ഓഫിസർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
നിർദേശങ്ങൾ
*തുറന്നു പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും നിർബന്ധമായും സ്ഥാപിക്കണം.
*വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. സ്ഥാപനങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.
*ആളുകൾ കൂട്ടം കൂടരുത്.
*വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളൂ.
*ഹോട്ടലുകൾ രാവിലെ 8 മുതൽ രാത്രി 9 വരെ തുറന്ന് പ്രവർ ത്തിക്കാം. പാഴ്സൽ മാത്രമേ നൽകാവൂ.
*നഗരസഭ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും.
*തിരിച്ചറിയൽ രേഖ ഇല്ലാത്ത തെരുവോര കച്ചവടം ഇന്നു മുതൽ പൂർണമായി നിരോധിക്കും.
*തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഇന്നു മുതൽ പൊലീസ്, റവന്യൂ, നഗരസഭ എന്നിവരുടെ സംയുക്ത പരിശോധന നടക്കും.
ചെറുവത്തൂർ പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് കോവിഡ്19 കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വാഹനങ്ങൾ വഴിയുള്ള പഴം, പച്ചക്കറി, മത്സ്യം എന്നിവയുടെ വ്യാപാരം നിരോധിക്കാൻ തീരുമാനിച്ചു.
വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8മുതൽ വൈകിട്ട് 6വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും. ഒരാഴ്ച കാലത്തേക്ക് തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. വിവാഹങ്ങൾക്ക് മുൻകൂട്ടി അനുമതി വാങ്ങിയില്ലെങ്കിൽ വിവാഹങ്ങൾ പഞ്ചായത്തിൽ റജിസ്ട്രർ ചെയ്യുകയില്ല. മരണാനന്തര ചടങ്ങുകൾ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തണം.
ചെറുവത്തൂരിൽ ഹോം ഐസലേഷൻ നടപ്പിലാക്കിയ സാഹചര്യത്തിൽ ഹോം ഐസലേഷനിൽ പോകുന്നവർക്ക് പൾസ് ഓക്സി മീറ്റർ വാങ്ങി നൽകാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ മാധവൻ മണിയറ അധ്യക്ഷനാ യി. വൈസ് പ്രസിഡന്റ് സി.വി. പ്രമീള, പഞ്ചായത്ത് അംഗം കെ. നാരായണൻ, മെഡിക്കൽ ഓഫി സർ ഡോ.ഡി.ജി.രമേഷ്, ചന്തേ ര പൊലീസ് ഇൻസ്പെക്ടർ ജെ. നിസാം, സബ് ഇൻസ്പെക്ടർ പ സന്നകുമാർ, എഎസ്ഐ ജോതി ഷ്കുമാർ, പഞ്ചായത്ത് സെക്രട്ട റി ടി.വി.പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, ജെഎ ച്ച്ഐ മാരായ പി.ടി.മോഹനൻ, പി.കെ.ഉണ്ണിക്കഷ്ണൻ എന്നി വർ പ്രസംഗിച്ചു.