വോട്ട് കൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും: രാഹുൽ ഗാന്ധിയടക്കം 300 ഓളം എംപിമാർ പങ്കെടുക്കുമെന്ന് ഇന്ത്യ സഖ്യം

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും. കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് പ്രതിപക്ഷത്തിന്‍റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമടക്കം 300 ഓളം എം പിമാർ പ്രതിഷേധത്തിൽ അണിനിരക്കുമെന്നാണ് കോൺഗ്രസും ഇന്ത്യ സഖ്യവും പറയുന്നത്. ബീഹാറിലെ എസ് ഐ ആർ റദ്ദാക്കണമെന്നും, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്.
പാർലമെൻറിൽ നിന്നാകും എം പിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുക. വിജയ് ചൗക്കിൽ മാർച്ച് തടഞ്ഞേക്കും. മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എം പിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരുന്നുണ്ട്. വൈകീട്ട് നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. രാഹുൽഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളുടെ യോഗവും വൈകീട്ട് ചേരും. ഖർഗെയുടെ വസതിയിൽ അത്താഴ വിരുന്നായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.