നാണംകെട്ട പണിയിലൂടെ എം.പിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്: കെ സുധാകരൻ

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കെ സുധാകരൻ. തൃശ്ശൂരിൽ തെളിവുസഹിതം വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണെന്നും ഇങ്ങനെ നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത്രയേറെ തെളിവ് സഹിതം ഒരു ഒരു ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ അത് ഉൾക്കൊള്ളാൻ സാധിക്കുന്ന മനസ്സിന്റെ ഉടമസ്ഥനാകാൻ സുരേഷ്ഗോപിക്ക് സാധിക്കണം. അദ്ദേഹത്തോട് വേറെ വെറുപ്പൊന്നുമില്ല. അദ്ദേഹം ഒരു എംപി ആയിരിക്കുന്നതിൽ സങ്കടവും പരാതിയുമില്ല. പക്ഷേ ഇങ്ങനെ ഒരു നാണംകെട്ട വഴിയിലൂടെ ഒരു എംപി ആവുക എന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്. ഇത്രയൊക്കെ തെളിവുകൾ വന്ന സാഹചര്യത്തിൽ താൻ എംപിയായി തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ് ജനത്തോട് ക്ഷമ പറഞ്ഞ് അദ്ദേഹം രാജി വെക്കണം. സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ച് പറയാൻ ധൈര്യമുള്ള ഏതെങ്കിലും ബിജെപി നേതാക്കൻമാരുണ്ടോയെന്ന് ചോദിച്ച അദ്ദേഹം മനസാക്ഷി കുത്തുകൊണ്ട് അവർക്ക് അതിന് കഴിയില്ലെന്നും പറഞ്ഞു. സിപിഎമ്മും കള്ളവോട്ട് ചേർക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.