കീമോ തെറപ്പി രണ്ട് ആശുപത്രികളിൽ മാത്രം പദ്ധതികൾ കടലാസിൽ; കാൻസറിന് ജില്ലയിൽ റേഡിയേഷൻ സൗകര്യമില്ല

കാസർകോട്: കാൻസർ രോഗികൾക്ക് ജില്ലയിൽ റേഡിയേഷൻ സംവിധാനം ഇല്ലെന്ന് വിമർശനം. എൻഡോസൾഫാൻ പദ്ധതികളിൽ ഉൾപ്പെടെ നിർദേശം വർഷങ്ങൾക്കു മുൻപേ ഉണ്ടെങ്കിലും അത് കടലാസിൽ ഒതുങ്ങി. ജില്ലയിലെ രോഗികളിൽ പകുതിയോളം പേരും റേഡിയേഷൻ ആവശ്യമുള്ളവരാണ്.
തലശ്ശേരി മലബാർ കാൻസർ സെന്റർ, മംഗളൂരുവിലെ ആശുപത്രികൾ എന്നിവയാണ് ഇവർക്ക് ആശ്രയം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 5 വർഷം മുൻപും കാസർകോട് ജനറൽ ആശുപത്രിയിൽ 3 വർഷം മുൻപുമാണ് കീമോ തെറപ്പി സൗകര്യം തുടങ്ങിയത്. ജില്ലയിൽ ഈ 2 ആശുപത്രികളിൽ മാത്രമാണ് കീമോ സൗകര്യം ഉള്ളത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിമാസം ഇരുനൂറോളം പേർ കീമോ ചെയ്യുന്നുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ കഴിഞ്ഞ വർഷം 500 കീമോ ആണ് ചെയ്തത്. 2 ആശുപത്രികളിലുമായി ഒരു വർഷത്തിനിടെ 3000 കീമോ ചെയ്തു. 15 വയസ്സിനു മുകളിൽ ഉള്ളവർക്കു കീമോ സൗകര്യം ഇല്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മുന്നൂറിലേറെപ്പേരാണ് ഇപ്പോൾ കാൻസർ റജിസ്ട്രിയിൽ ഉള്ളത്. ജില്ലയിൽ ക്യാംപുകൾ വഴിയാണ് കാൻസർ രോഗ നിർണയം നടക്കുന്നത്. നേരത്തേ രോഗം കണ്ടെത്താൻ ആശുപത്രികളിൽ ഒപി സംവിധാനം ഇല്ല. ചികിത്സ തേടി എത്തുന്നവരുടെ ബയോപ്സി എടുത്തയച്ചു രോഗ നിർണയം നടത്തുന്നുണ്ട്.കാസർകോട് ജനറൽ ആശുപത്രിയിൽ 3 വർഷം മുൻപാണ് ഓങ്കോളജിസ്റ്റിനെ നിയമിച്ചത്. മറ്റ് ആശുപത്രികളിൽനിന്ന് രോഗം സ്ഥിരീകരിക്കുന്നവരും കീമോ തെറപ്പിക്ക് കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളെ ആശ്രയിക്കുന്നു.
രണ്ട് സർക്കാർ ആശുപത്രികളിൽ ഓരോ ഓങ്കോളജിസ്റ്റ് മാത്രം
കാസർകോട് ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഓരോ ഓങ്കോളജിസ്റ്റ് മാത്രമാണുള്ളത്. കാസർകോട് ജനറൽ ആശുപത്രിയിൽ ന്യൂറോളജി വാർഡിലാണ് കീമോ തെറപ്പി വാർഡും സജ്ജീകരിച്ചിട്ടുള്ളത്. 6 കിടക്ക ഉണ്ട്. ദിവസം 10 പേർക്കു കീമോ ചെയ്യും. ആശുപത്രിയിൽ എല്ലാ ദിവസവും ഒപി ഉണ്ട്. ചൊവ്വ സ്പെഷൽ പാലിയേറ്റീവ് ഒപി, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കീമോ ഒപി. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സ തേടിയവരെ തുടർ പരിചരണത്തിന് ഇങ്ങോട്ടു റഫർ ചെയ്യുന്നുണ്ട്.
ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളെ കൂടുതൽ ചികിത്സയ്ക്കായി അങ്ങോട്ടും അയയ്ക്കും. ഇവിടെ കീമോ തെറപ്പിക്കുള്ള രക്ത പരിശോധന സൗജന്യമായാണ് ചെയ്യുന്നത്. മരുന്നുകൾ ആശുപത്രിയിൽ വളരെ കുറവാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗികൾക്കു പ്രത്യേക വാർഡ് ഉണ്ട്. 25 കിടക്കകളുമുണ്ട്. പ്രധാനമന്ത്രിയുടെ പദ്ധതിയിലും കാരുണ്യ പദ്ധതിയിലും യഥാക്രമം 5 ലക്ഷം, 2 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കും.
ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും കീമോ, രക്ത പരിശോധനാ സൗകര്യം ലഭിക്കും. പലർക്കും ഇവിടെ ഈ സൗകര്യം സംബന്ധിച്ച് അറിയില്ലെന്ന് അധികൃതർ പറയുന്നു. റേഡിയേഷൻ സംവിധാനം കൂടി ജില്ലയിൽ ഒരു കേന്ദ്രത്തിലെങ്കിലും തുടങ്ങിയാൽ അത് വലിയ സഹായമാകും. ഇതിന്റെ മെഷീന് 20 കോടിയോളം രൂപ ചെലവുണ്ട്.