KSDLIVENEWS

Real news for everyone

ലോകകപ്പ് യോഗ്യത: ബ്രസീലിന് പിന്നാലെ അര്‍ജന്‍റീനയ്ക്കും തോല്‍വി; കൊളംബിയയുടെ പ്രതികാരം 2-1ന്

SHARE THIS ON

2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് പിന്നാലെ അർജന്‍റീനയ്ക്കും തോല്‍വി. അർജന്‍റീനയെ 2-1ന് കൊളംബിയയാണ് തോല്‍പ്പിച്ചത്.

മെസി ഇല്ലാതെ ഇറങ്ങിയ അർജന്‍റീനയെ തോല്‍പ്പിച്ച കൊളംബിയ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് മധുരപ്രതികാരം ചെയ്തു. അറുപതാം മിനിട്ടില്‍ ക്യാപ്റ്റൻ ജെയിംസ് റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് കൊളംബിയ ജയം ഉറപ്പിച്ചത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റോഡ്രിഗസിന്‍റെ പാസില്‍ യേഴ്സൻ മൊഗ്വേര 25-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിട്ടിനകം അർജന്‍റീന തിരിച്ചടിച്ചു. റോഡ്രിഗസിന്‍റെ മിസ്പാസ് പിടിച്ചെടുത്ത് നിക്കോളാസ് ഗോണ്‍സാലസ് നിറയൊഴിച്ചപ്പോള്‍ കൊളംബിയൻ ഗോളി കാമിലോ വർഗാസ് കാഴ്ചക്കാരനായിരുന്നു.

നേരത്തെ പരാഗ്വെയോട്‌ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ്‌ ബ്രസീലിനെ ഞെട്ടിച്ച്‌ പരാഗ്വെ ഗോള്‍ നേടിയത്‌. ഡിയോഗോ ഗോമസാണ്‌ പരാഗ്വെയ്ക്കായി ബ്രസീലിയൻ ഗോള്‍വല ചലിപ്പിച്ചത്.

ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്‍റ് ടേബിളില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!