എല്ലാദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ?- അന്‍വർ വിഷയത്തിൽ എൽഡിഎഫ് കണ്‍വീനർ

തിരുവനന്തപുരം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.
‘അന്‍വറിന് അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ അത് രേഖാമൂലം കൊടുക്കട്ടെ. അന്‍വര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ശശിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അതുതന്നെ ഒരു നല്ല ലക്ഷണമാണോ? പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. അതില്‍ സര്‍ക്കാര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. ഇനി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തിന് സര്‍ക്കാരിന് എഴുതി സമര്‍പ്പിക്കാം’, ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് എവിടെവരെ പോകുമെന്ന് നമുക്ക് നോക്കാമെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ‘അന്‍വര്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. സിപിഎം അംഗമല്ല. ഒരു സ്വതന്ത്ര അംഗമെന്ന നിലയില്‍ സ്വതന്ത്രമായ നിലപാട് അയാള്‍ എടുക്കുന്നുണ്ട്. അത് നോക്കാം നമുക്ക്. എല്ലാ വിഷയങ്ങളും തുറന്നുപറയാന്‍ കഴിയില്ല’, എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ആശ്രമം കത്തിച്ച സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഫോണ്‍ പോലീസ് പരിശോധിക്കുന്നു, ആര്‍എസ്എസ് നേതാക്കളുടെ ഫോണ്‍ പരിശോധിക്കുന്നില്ലെന്നാണ് അന്‍വര്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കി. ‘അത് അന്‍വര്‍ പറഞ്ഞതല്ലേ. അന്‍വര്‍ പറഞ്ഞിയിടത്താണോ കേരളം നില്‍ക്കുന്നത്. ന്യായമായ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്’, ടി. പി രാമകൃഷ്ണൻ പറഞ്ഞു.

