പ്രാർത്ഥനകൾ വിഫലം; ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിക്ക് പ്രിയപ്പെട്ടവനെയും നഷ്ടമായി; അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു
കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യയ്ക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ.