ഹൈടെക്ക് ക്ലാസ് മുറികൾ ; ജില്ലയിൽ 18, 464 പുതിയ ഐ.ടി ഉപകരണങ്ങൾ സ്ഥാപിച്ചു

കാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 733 സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ പൂർത്തിയായി. പദ്ധതിയുടെ പൂർത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം തിങ്കളാഴ്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ജില്ലയിൽ സർക്കാർ-എയ്‌ഡഡ് വിഭാഗത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള 489-ഉം എട്ടുമുതൽ 12 വരെ ക്ലാസുകളുള്ള 244-ഉം ഉൾപ്പെടെ മൊത്തം 733 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്.
ഇതിന്റെ ഭാഗമായി 5619 ലാപ്‌ടോപ്പ്, 3365 മൾട്ടിമീഡിയ പ്രോജക്ടർ, 4796 യു.എസ്.ബി. സ്പീക്കർ, 2099 മൗണ്ടിങ് അക്സസറീസ്, 1609 സ്ക്രീൻ, 244 ഡി.എസ്.എൽ.ആർ. ക്യാമറ, 244 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 244 എച്ച്.ഡി. വെബ്ക്യാം എന്നിവ ജില്ലയിൽ വിന്യസിച്ചു.
597 സ്കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ജില്ലയിൽ ഹൈടെക് പദ്ധതികളിൽ കൈറ്റ് ഏറ്റവും കൂടുതൽ ഐ.ടി. ഉപകരണങ്ങൾ വിന്യസിച്ചത് ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂലയിലും (399), സി.എച്ച്.എസ്.എസ്. ചട്ടഞ്ചാലിലും (280) ദുർഗ എച്ച്.എസ്. കാഞ്ഞങ്ങാട്ടു(243)മാണ്.പദ്ധതിക്കായി ജില്ലയിൽ കിഫ്ബിയിൽനിന്ന് 29.49 കോടിയും പ്രാദേശികതലത്തിൽ 4.66 കോടിയും ഉൾപ്പെടെ 34.15 കോടി രൂപ ചെലവായി.

