അഭയാര്‍ഥി ക്യാമ്പിലേക്ക് ഇസ്രയേല്‍ ആക്രമണം ; ഒരു കുടുംബത്തിലെ 19 പേര്‍ മരിച്ചു

റാഫ: ഗാസയിലെ അഭയാര്‍ഥി ക്യാമ്ബുകള്‍ക്കുനേരെ തുടര്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. തെക്കന് ഗാസ മുനമ്ബിലെ ക്യാമ്ബിലേക്ക് നടത്തിയ വ്യോമാക്രമണത്തില് ഒരു കുടുംബത്തിലെ 19 പേര്ക്ക് ദാരുണാന്ത്യം.
അമ്ബത്തേഴുകാരനായ അബു ഖുത്തയുടെ ഭാര്യയും സഹോദരങ്ങളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൊച്ചുകുട്ടികളുമുണ്ട്. കെട്ടിടത്തില് തീവ്രവാദികളാരും ഇല്ലായിരുന്നെന്നും ഒഴിഞ്ഞുപോകാൻ അറിയിപ്പ് തന്നതിന് തൊട്ടുപിന്നാലെ ആക്രമണം നടത്തുകയായിരുന്നെന്നും അബു ഖുത്ത പ്രതികരിച്ചു. സാധാരണക്കാരുടെ ജീവിതത്തെ തങ്ങള് ലക്ഷ്യംവയ്ക്കുന്നില്ലെന്നായിരുന്നു സൈന്യത്തിന്റെ പ്രഖ്യാപനം.
ഹമാസും ഇസ്രയേലും യുദ്ധക്കുറ്റം ചെയ്തെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ഗാസയില്‍ മനുഷ്യാവകാശ ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വടക്കൻ മേഖലയില്‍ ഇസ്രയേലും ലെബനനില്‍നിനനുള്ള ഹിസ്ബുള്ളയും തമ്മില്‍ പോരാട്ടം തുടരുന്നു. ലബനണിലും സ്ഫോടനങ്ങളുണ്ടായി. ഇറാനും ഹെസ്ബുള്ളയും തങ്ങളുടെ ആക്രമണത്തിന്റെ ഭാഗമല്ലെന്ന് ഹമാസ് അറിയിച്ചു. ഹമാസ് ആക്രമണത്തില്‍
തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഇറാനും നിഷേധിച്ചു.
പ്രശ്നപരിഹാരത്തിനായി ഇസ്രയേല്‍, പലസ്തീൻ നേതാക്കളുമായി സംസാരിക്കുമെന്ന് റഷ്യ അറിയിച്ചു. പലസ്തീൻ അതോറിറ്റി ചെയര്‍മാൻ മഹമൂദ് അബ്ബാസ് റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. പലസ്തീന് രണ്ടുകോടി ഡോളര്‍ സഹായം നല്‍കുമെന്ന് യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിൻ സയ്ദ് അല്‍ നഹ്യാൻ അറിയിച്ചു. ഗാസയിലേക്ക് ആയുധങ്ങള്‍ അയക്കാൻ തയ്യാറാണെന്ന് ഇറാഖിലെ ഷിയ നേതാവ് മുഖ്താദ അല സാദര്‍ പറഞ്ഞു.
7 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗാസയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏഴു മാധ്യമ പ്രവര്‍ത്തകരും. ഐല്‍ മീഡിയ കമ്ബനി ഫോട്ടോഗ്രാഫര്‍ ഇബ്രാഹിം ലഫി, സ്മാര്‍ട്ട് മീഡിയ ഓഫീസര്‍ മുഹമ്മദ് ജാര്‍ഗൂണ്‍, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരായ മുഹമ്മദ് അല്‍ സാല്‍ഹി, അസാദ് ഷാംലിഖ്, അല്‍ഖമീസ ന്യൂസ് നെറ്റ്വര്‍ക്ക് എഡിറ്റര്‍ സഈദ് അല്‍ തവീല്‍, ഖബര്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാരായ മുഹമ്മദ് സുബഹ് അബു റിസ്ഖ്, ഹിഷാം അല്‍ നവാജഹ എന്നിവരാണ് കൊല്ലപ്പെട്ടത്. പത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കാണാതായ രണ്ടുപേരുടെ വിവരം ലഭ്യമായിട്ടില്ല.