കണ്ണൂർ സർവകലാശാല തെയ്ക്വാൻഡോ കാഞ്ഞങ്ങാട് നെഹ്റു കോളേജും കാസർകോട് ഗവ. കോളേജും ജേതാക്കൾ

മുന്നാട്: കണ്ണൂർ സർവകലാശാല തെയ്ക്വാൻഡോ മത്സരം പുരുഷ വിഭാഗത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജും വനിതാവിഭാഗത്തിൽ കാസർകോട് ഗവ. കോളേജും ജേതാക്കളായി.
പുരുഷവിഭാഗത്തിൽ 30 പോയിൻ്റ് നേടിയാണ് നെഹ്റു കോളേജ് ജേതാക്കളായത്. 13 പോയിന്റ് നേടി കണ്ണൂർ എസ്.എൻ. കോളേജ്, എട്ട് പോയിന്റ് നേടി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാവിഭാഗത്തിൽ 22 പോയിന്റ് നേടിയാണ് കാസർകോട് ഗവ. കോളേജ് ജേതാക്കളായത്. 16 പോയിന്റ് ലഭിച്ച കാഞ്ഞങ്ങാട് നെഹ്റു കോളേജിനാണ് രണ്ടാം സ്ഥാനം. എട്ട് പോയിന്റ് നേടി കണ്ണൂർ കൃഷ്ണ മേനോൻ വനിതാ കോളേജ് മൂന്നാം സ്ഥാനം നേടി.
മുന്നാട് പീപ്പിൾസ് കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് മത്സരങ്ങൾ നടന്നത്. സമാപന പരിപാടിയിൽ കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. ജോ ജോസഫ് സമ്മാന വിതരണം നടത്തി. കാസർകോട് സഹകരണ എജുക്കേഷൻ സൊസൈറ്റി ഡയറക്ടർ ഇ. രാഘവൻ അധ്യക്ഷനായി. ഇ.കെ. രാജേഷ്, പി. രഘുനാഥ്, എ.കെ. അഭിനന്ദ്, ആദിത്യൻ, സുരേഷ് പയ്യങ്ങാനം, കെ.വി. സജിത് എന്നിവർ സംസാരിച്ചു.

