ട്രംപിന്റെ ഹൃദയത്തിന് പ്രായം കുറവ്: ശാരീരികാരോഗ്യവും ശ്വാസകോശവും മികച്ചത്; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർ

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യം മികച്ചതാണെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ട്രംപിന്റെ ഹൃദയത്തിന് യഥാര്‍ഥ പ്രായത്തേക്കാള്‍ 14 വയസ്സ് കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല അറിയിച്ചു. ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, മൊത്തത്തിലുള്ള ശരീരികാരോഗ്യം എന്നിവയെല്ലാം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന് നല്‍കിയ റിപ്പോർട്ടിലാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ട്രംപ് മികച്ച ആരോഗ്യത്തോടെ തുടരുകയാണ്. ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, ശരീരം എന്നിവയെല്ലാം മികവോടെ പ്രവര്‍ത്തിക്കുന്നു. ഇസിജി വഴി നടത്തിയ പരിശോധനയില്‍ ഹൃദയത്തിന് യഥാര്‍ഥ പ്രായത്തേക്കാള്‍ 14 വയസ്സ് കുറവാണ്’, ബാര്‍ബബെല്ല പറഞ്ഞു. നിലവില്‍ 79 വയസ്സുള്ള ട്രംപിന് 65-കാരന്റെ ഹൃദയമാണുള്ളതെന്ന് പരിശോധനയില്‍നിന്ന് വ്യക്തമാകുന്നു. വരാനിരിക്കുന്ന അന്താരാഷ്ട്ര യാത്രകള്‍ കണക്കിലെടുത്ത് കോവിഡ് പോലുള്ള പ്രതിരോധ വാക്‌സിനുകളും കുത്തിവെയ്പ്പുകളുമെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. മറവിരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അദ്ദേഹത്തിനുള്ളതായി പലരും ആരോപിച്ചിരുന്നു. പൊതുവേദിയിലെ ചില പെരുമാറ്റങ്ങളും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. വീങ്ങിയ കണങ്കാലുള്‍, കാലിലെ നീര്‍ക്കെട്ട്, കൈയിലെ ചതവ് തുടങ്ങിയവയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കാലിലെ പ്രശ്‌നം ‘ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി’ മൂലമാണെന്ന് അന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചതായി ഡോക്ടര്‍ പറഞ്ഞു. ഇത് 70 കഴിഞ്ഞവരില്‍ സാധാരണമായി കാണുന്നതും നിരുപദ്രവകാരിയുമാണെന്നാണ് അന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആസ്പിരിന്‍ ഉപയോഗമാണ് കൈയിലെ ചതവിന് കാരണമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
കഴിഞ്ഞ ഏപ്രിലിലെ പരിശോധനയ്ക്ക് ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു മെമ്മോയില്‍ ട്രംപിന് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളതായി അറിയിച്ചിരുന്നു. എന്നാല്‍, ഇത് നന്നായി നിയന്ത്രിക്കുന്നുണ്ടെന്നും മെമ്മോയില്‍ വ്യക്തമാക്കി. ആറടി മൂന്നിഞ്ച് ഉയരം (190 സെന്റീമീറ്റര്‍), 102 കിലോഗ്രാം ഭാരം എന്നിവയും രേഖപ്പെടുത്തി. എങ്കിലും ട്രംപിന്റെ ആരോഗ്യത്തെയും അദ്ദേഹത്തിന്റെ ഗോള്‍ഫ് കളിയെയും പ്രശംസിക്കുന്നുണ്ട്. 2020-ല്‍ അദ്ദേഹം പ്രസിഡന്റായിരിക്കേ, കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ വൈറ്റ്ഹൗസ് പുറത്തിറക്കിയിരുന്നു.

