തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം: എം.കെ. സ്റ്റാലിൻ കേരളത്തിൽ; മുഖ്യമന്ത്രിയുമായി വൈകിട്ട് കൂടിക്കാഴ്ച
കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹത്തിൽ തന്തൈ പെരിയാർ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച.
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും.