KSDLIVENEWS

Real news for everyone

റീൽസ് ചിത്രീകരണത്തിനിടെ അപകടം: കാറോടിച്ച സാബിദ് അറസ്റ്റിൽ; ലൈസൻസ് സസ്പെൻഡ് ചെയ്യും

SHARE THIS ON

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) മരിച്ചത്. അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ടു കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തുനിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്റെ തൊട്ടു മുന്നിൽ എത്തുമ്പോൾ കാറുകൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ പെട്ടെന്നു റോഡിന്റെ വശത്തേക്കു മാറിയപ്പോൾ ഇടിക്കുകയായിരുന്നു. ഒരു കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.

ഗൾഫിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തേ ഇതേ ആക്സസറീസ് സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!