കൊട്ടാരക്കരയിൽ നായയുമായി യുവാക്കൾ ബസിൽ, കയറ്റരുതെന്ന് ജീവനക്കാർ; തമ്മിലടിച്ച് വിദ്യാർഥികളും യുവാക്കളും
കൊട്ടാരക്കര: പുത്തൂരിൽ സ്വകാര്യ ബസിൽ വിദ്യാർഥികളും യുവാക്കളും തമ്മിലടിച്ചു. സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ യുവാക്കൾ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
പുത്തൂരിൽ നിന്ന് നായയുമായി രണ്ടു യുവാക്കൾ ബസിൽ കയറി. എന്നാൽ ബസിനുള്ളിൽ നായയെ കയറ്റരുതെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. വിദ്യാർഥികൾ കയറുമ്പോൾ തിരക്കുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് തടഞ്ഞത്. ഇത് തർക്കമായി. വിദ്യാർഥികളും ഈ തർക്കത്തിൽ പങ്കുചേർന്നു. ഇത് ഉന്തിലും തള്ളിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.