ദേശീയപാത വികസനം: പ്രശ്നങ്ങൾ മനസ്സിലാക്കാൻ കലക്ടർ പടന്നക്കാട്ട്

നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പടന്നക്കാട് മേഖലയിലെ പ്രശ്നങ്ങൾ നേരിൽക്കണ്ടു മനസിലാക്കാൻ കലക്ടർ കെ.ഇമ്പശേഖർ സ്ഥലത്തെത്തി. മേഖലയിലെ പ്രശ്നങ്ങൾ, അസൗകര്യങ്ങൾ, അപകടസ്ഥിതി എന്നിവ ചൂണ്ടിക്കാട്ടിയും ഇവയിൽ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ടും ജനപ്രതിനിധികൾ കലക്ടറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. പടന്നക്കാട് മേൽപ്പാലം, വാഴുന്നോറടി, പുതുക്കൈ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതത്തിന്റെ പ്രശ്നങ്ങൾ, യാത്രാപ്രശ്നം എന്നിവ കലക്ടർ നേരിൽക്കണ്ടു മനസ്സിലാക്കി.
റോഡ് നിർമാണ കരാറുകാരുടെ പ്രതിനിധികളുമായും ചർച്ച നടത്തി. ജനങ്ങൾ നേരിടുന്ന എല്ലാ പ്രയാസങ്ങൾക്കും ഉടൻ പരിഹാരം വേണമെന്നു നിർദേശിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്സൻ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ കെ.അനീശൻ, രവീന്ദ്രൻ പുതുക്കൈ, ഹസീന റസാഖ്, കരാർ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരായ മലിംഗ അർജുന, രാജേഷ് കൃഷ്ണ, ആർബിഡിസി പ്രതിനിധി വി.നാരായണൻ, എം.ശ്രീകണ്ഠൻ നായർ, പൊതുപ്രവർത്തകരായ വി.സുകുമാരൻ, എ.ശബരീശൻ, ടി.സത്യൻ എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

