KSDLIVENEWS

Real news for everyone

ലോകത്ത് ബ്ലഡ്ബാഗുകളില്‍ 12% നിര്‍മിക്കുന്നത് കേരളത്തില്‍, വര്‍ഷം 20000 ഹൃദയവാല്‍വ് നിര്‍മിക്കുന്നതും ഇവിടെ: മന്ത്രി രാജീവ്

SHARE THIS ON

തിരുവനന്തപുരം: കേരളം വ്യവസായങ്ങളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്.

ലോകത്തില്‍ തന്നെ നിര്‍മിക്കുന്ന ബ്ലഡ് ബാഗുകളില്‍ 12% നിര്‍മ്മിക്കുന്നത് നമ്മുടെ കേരളത്തിലാണ്. ഏഷ്യയിലെ ഡെന്‍റല്‍ ലാബ് ഹബ്ബാണ് കേരളം. പ്രതിവര്‍ഷം 20,000 ഹൃദയവാല്‍വ്വുകള്‍ നിര്‍മിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ എന്നും രാജീവ് ചോദിക്കുന്നു.

തിരുവനന്തപുരത്തെ ടെരുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും ഡന്‍റല്‍ ലാബുള്ളത് കൊച്ചിയിലാണ്. ഡെന്‍റ് കെയര്‍ ഡെന്‍റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പേര്. 20,000 ഹൃദയവാല്‍വുകള്‍ നിര്‍മിക്കുന്ന കേരളത്തിലെ സ്ഥാപനം ടിടികെ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡാണ്. തിരുവനന്തപുരത്താണ് ഈ സ്ഥാപനമുള്ളത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വലിയ നിക്ഷേപങ്ങളിലൂടെ മാത്രം പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും എം എസ് എം ഇ യൂണിറ്റുകളിലൂടെ പന്ത്രണ്ടായിരത്തിലധികം

കോടി രൂപയുടെ നിക്ഷേപവും നേടിയെടുത്തിട്ടുണ്ട് കേരളമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. ഇന്ന് ഐബിഎം, വെൻഷ്വര്‍, അത്താച്ചി, ആസ്കോ ഗ്ലോബല്‍, ട്രൈസ്റ്റാര്‍, ടാറ്റ എലക്സി, ടി സി എസ്, ഏണസ്റ്റ് ആന്‍റ് യങ്, വജ്ര റബ്ബര്‍, ടിടികെ ഹെല്‍ത്ത്കെയര്‍, എവിടി ബയോടെക്, അഗാപ്പെ, റൂബ്ഫില തുടങ്ങി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സംസ്ഥാനത്തിന് യോജിച്ചതും നൂതന വ്യവസായങ്ങളുടെ ഗണത്തില്‍ പെടുന്നതുമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുകയാണെന്നും മന്ത്രി അറിയിച്ചു.

സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം, എം എം എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ്, ബെസ്റ്റ് ഇന്‍റസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങി നിരവധി പുരസ്കാരങ്ങളും കേരളത്തെ തേടി എത്തിയത് സമീപകാലത്താണെന്ന് മന്ത്രി അറിയിച്ചു. പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന സമീപനമാണ് പലരും സ്വീകരിക്കുന്നതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കേരളത്തിന്‍റെ അംബാസഡര്‍മാരായാല്‍ കൂടുതല്‍ വ്യവസായ നിക്ഷേപം നമ്മുടെ നാട്ടിലേക്കെത്തും. അത് ഈ നാട്ടിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും മേക്ക് ഇൻ കേരള പദ്ധതിക്ക് പ്രോത്സാഹനമാകുകയും ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!