KSDLIVENEWS

Real news for everyone

പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട: അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ചാറ്റ് പുറത്ത്

SHARE THIS ON

പാലക്കാട്: അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്.തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി.പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടയെന്നും രാഹുൽ ചാറ്റിൽ പറയുന്നു.നീ എന്ത് ചെയ്താലും അതിന്റെ ബാക്കി താൻ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതികൾ വന്നതിന് പിന്നാലെയാണ് ടെലഗ്രാം വഴി അതിൻ്റെ വിശദാംശങ്ങൾ മൂന്നാമത്തെ കേസിലെ അതിജീവിത രാഹുലിനോട് ചോദിക്കുന്നത്. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന ദിവസം നേരിൽ കാണണമെന്നും മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് രാഹുൽ സൂപ്പർ ഹീറോ ആകേണ്ടെന്നും യുവതി രാഹുലിനോട് ചാറ്റില്‍ പറയുന്നുണ്ട്. താഴാവുന്നതിൻ്റെ മാക്സിമം താൻ താഴ്ന്നു, ക്ഷമിക്കാവുന്നതിൻ്റെ ലിമിറ്റൊക്കെ പണ്ടേ കഴിഞ്ഞതാണെന്നും ടെലഗ്രാം യുവതി പറയുന്നു.

അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നായിരുന്നു രാഹുലിന്‍റെ മറുപടി.’ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്.ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു.നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും,നീ ചെയ്യുന്നത് ഞാൻ താങ്ങും പക്ഷേ നീ താങ്ങില്ല.നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും.അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട.എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല.ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ’?. നീ പ്രസ് മീറ്റ് നടത്ത് എന്നും രാഹുല്‍ ചാറ്റില്‍ ഭീഷണി മുഴക്കുന്നുണ്ട്.

അതേസമയം, ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ ജാമ്യ ഹരജി ഫയൽ ചെയ്തിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം. കോടതി നിഷ്‌കര്‍ഷിക്കുന്ന ഏതൊരു കര്‍ശന ഉപാധികളും പാലിക്കാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഹരജിയില്‍ പറയുന്നു. റിമാൻഡിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!