KSDLIVENEWS

Real news for everyone

മോദി കുനിയാൻ പറഞ്ഞാൽ പിണറായി ഇഴയും: മുഖ്യമന്ത്രിയുടെ കേന്ദ്രവിരുദ്ധ സത്യാഗ്രഹം കോമഡി; ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: കേന്ദ്രഅവഗണനയ്‌ക്കെതിരെ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.

‘സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അമ്പേ പരാജയമായിരുന്നു പിണറായി സർക്കാർ. കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്നും പിടിച്ചുവാങ്ങാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി.’ ചെന്നിത്തല പറഞ്ഞു.

‘വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പിഎം ശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡൽഹിയിൽ പോയി പഞ്ചപുച്ഛമടക്കി ഒപ്പുവെച്ചു തിരിച്ചുപോന്നു. തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയെയും, ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സത്യാഗ്രഹസമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണ്.’ അദ്ദേഹം പരിഹസിച്ചു.

‘കേന്ദ്ര സർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയുന്ന സർക്കാരാണ് പിണറായിയുടേത് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനുള്ള തിരിച്ചടി തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ നൽകി. അപ്പോഴാണ് ജനങ്ങളെ പറ്റിക്കാൻ കേന്ദ്രവിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

‘പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിന് പിന്നിൽ. അല്ലാതെ കേരളത്തോടുള്ള സ്നേഹമല്ല.’ ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നും ജനങ്ങൾ ഈ സർക്കാരിനെ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!