കുമ്പള ടോള്‍ പ്ലാസ: സമരത്തിന് ആഹ്വാനം ചെയ്ത് വീഡിയോ ഇറക്കിയ സിപിഎം നേതാവ് മുങ്ങിയെന്ന് ആരോപണം; ആരുമായുള്ള അന്തര്‍ധാരയെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍

കാസർകോട്: ആരിക്കാടി ടോൾ പ്ലാസയിൽ അന്യായമായി ടോൾ പിരിക്കുന്നുവെന്ന് ആരോപിച്ച് ആക്ഷൻ കമ്മറ്റി തിങ്കളാഴ്ച രാവിലെ നടത്തിയ സമരത്തിൽ നിന്നു സിപിഎം അവസാന നിമിഷം മുങ്ങിയതായി ആരോപണം. ടോൾ പിരിവിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുള്ള ആക്ഷൻ കമ്മിറ്റി അംഗങ്ങളും മുസ്ലിം ലീഗുമാണ് സിപിഎമ്മിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത്. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന വിവരം ശനിയാഴ്ച തന്നെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കും മഞ്ചേശ്വരം എംഎൽഎ, എ.കെഎം അഷ്റഫിനും ലഭിച്ചിരുന്നു. എന്തു വില കൊടുത്തും ഹൈക്കോടതിയിലുള്ള കേസിൽ വിധി വരുന്നതിനു മുമ്പ് ടോൾ പിരിക്കുവാൻ അനുവദിക്കില്ലെന്നാണ് ആക്ഷൻ കമ്മിറ്റി കൈക്കൊണ്ട തീരുമാനം.
ഈ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഏരിയാ സെക്രട്ടറി സിഎ സുബൈർ രംഗത്ത് വരികയും വീഡിയോ സന്ദേശം ഇറക്കുകയും ചെയ്തിരുന്നു. സുബൈറിന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ-“ദേശീയ പാത അതോറിറ്റി കുമ്പളയിലെ ടോൾ ബൂത്തിൽ യൂസർഫീ പിരിക്കാനുള്ള തീരുമാനം അവർ നടപ്പിലാക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കേസ് നിലനിൽക്കുകയാണ്.
അതിനിടയിൽ ആ കേസിൻ്റെ അന്തിമ വിധി വരുന്നതിനു മുമ്പ് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇത്രയും ജനവിരുദ്ധമായ തീരുമാനം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനു വേണ്ടി ദേശീയ പാത അതോറിറ്റി മുന്നോട്ട് വന്നാൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും നാളുകളിൽ അതിശക്തമായ സമരങ്ങൾക്ക് ഞങ്ങൾ നേതൃത്വം കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു മുന്നിട്ടിറങ്ങിയ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് ഞങ്ങൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.” ഞായറാഴ്ച വീഡിയോ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ സമരം ആരംഭിച്ചപ്പോൾ വീഡിയോ ഇറക്കിയ നേതാവിനെയോ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രധാന പ്രവർത്തകരെയോ കാണാതായത് ഏതു അന്തർധാരയുടെ ഭാഗമെന്നു ലീഗ് പ്രവർത്തകരും ആക്ഷൻ കമ്മിറ്റി അംഗങ്ങളും ചോദിക്കുന്നു.

