KSDLIVENEWS

Real news for everyone

വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ്

SHARE THIS ON

കോട്ടയം: വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി സുരേഷിന് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം കഠിന തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ പത്തുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ഒടുക്കണം. ഈ തുക പെൺകുട്ടിക്കാണ് നൽകേണ്ടത്.

വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസിൽ പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

ഇതിൽ ബലാത്സംഗ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അതേസമയം, മറ്റു രണ്ട് കുറ്റങ്ങൾ തെളിയിക്കാനായെന്നും ഇതിൽ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു.

വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളിൽ കൂടി ഇനി നടപടികൾ പൂർത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം.

1996-ലാണ് വിതുര സ്വദേശിനിയായ പെൺകുട്ടിയെ തടങ്കലിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കേസുകളിലും ഒന്നാംപ്രതിയായ കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷ് പ്രത്യേക കോടതിയിൽ നേരത്തെ കീഴടങ്ങിയിരുന്നു.

കേസിന്റെ രണ്ടാംഘട്ട വിചാരണയിൽ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെവിട്ടതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. കേസിന്റെ വിചാരണ വേളയിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതിനിടെ 14 മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോയി. പിന്നീട് 2019 ജൂണിൽ ഹൈദരാബാദിൽനിന്നാണ് സുരേഷിനെ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!