ബേക്കൽ പോലീസ് സബ്ഡിവിഷൻ അനുവദിച്ചു ; ഉപ്പള , പെരിയ സ്റ്റേഷനുകൾ കടലാസിൽ

കാസർകോട് : കാസർകോട് , ഹൊസ്ദുർഗ്ഗ് പൊലീസ് സബ്ഡിവിഷനുകൾ വിഭജിച്ച് ജില്ലയിൽ ബേക്കൽ സബ് ഡിവിഷൻ അനുവദിച്ചു . കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത് . ബേക്കൽ , മേൽപ്പറമ്പ് , ബേഡകം , രാജപുരം എന്നീ പൊലീസ് സ്റ്റേഷനുകൾക്കൊപ്പം മറ്റൊന്നു കൂടി ബേക്കൽ സബ്ഡിവിഷന്റെ കീഴിൽ വരും . അമ്പലത്തറയോ , വെള്ളരിക്കുണ്ടോ ആയിരിക്കും കൂട്ടിച്ചേർക്കുക.നിലവിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും ഡിവൈ എസ് പി ഓഫീസ് പ്രവർത്തനം ആരംഭിക്കുകയെങ്കിലും പിന്നീട് പെരിയയിൽ സ്ഥിരം ഓഫീസ് ആരംഭിക്കാനാണ് ആലോചന . അതേസമയം വർഷങ്ങളായി പരിഗണനയിലുള്ള ഉപ്പള പൊലീസ് സ്റ്റേഷൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല . പെരിയയിൽ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷൻ എന്ന ശുപാർശയും തീരുമാനമാകാതെ കിടക്കുകയാണ് .

