കര്‍ണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകള്‍ക്ക് അവധി

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ ഹൈക്കോടതി വാദം തുടരുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ (ഡിസിടിഇ) കീഴിലുള്ള കോളജുകളും ഫെബ്രുവരി 16 വരെ അടച്ചിടും. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളജുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ല.
അതേസമയം, വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിനാല്‍ ഒന്നുമുതല്‍ 10 വരെയുള്ള സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ പഞ്ചായത്ത് സിഇഒമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി മന്ത്രിമാരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാനും ക്ലാസുകളില്‍ കാവി ഷാള്‍, സ്കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
ക്ലാസുകളില്‍ എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കണമെന്നും പുറത്തുനിന്നുള്ള പ്രകോപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരോട് അവരുടെ നിയുക്ത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അതേസമയം, ഹിജാബുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും പ്രതിഷേധം നടക്കുന്ന ഉഡുപ്പിയില്‍ സുരക്ഷാ സേന ഫ്ളാഗ് മാര്‍ച്ച് നടത്തി.

