സ്വത്ത് 500 കോടി രൂപയിലേറെ, അനുയോജ്യനായ വരനെ വേണം: വൈറലായി പത്രപ്പരസ്യം

പലതരം വിവാഹപരസ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത, ജോലി, ജാതി, മതം, വയസ് എന്നിങ്ങനെ വിവിധ മുൻഗണനകളാകും ഇത്തരം പരസ്യങ്ങളിൽ ഉണ്ടാവുക. ഇത്തരത്തിലുള്ളൊരു വിവാഹ പരസ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 500 കോടിയിലധികം സ്വത്തുള്ള കുടുംബം മകൾക്കായി വരനെ തേടുന്നുവെന്ന രീതിയിലുള്ള പരസ്യമാണ് പ്രചരിക്കുന്നത്.
‘500 കോടിയിലധികം വിപണി മൂല്യമുള്ള മുംബൈ ആസ്ഥാനമായ ബിസിനസ് കുടുംബം, 28 കാരിയായ മകൾക്കായി മാർവാരി/ഗുജറാത്തി വിഭാഗത്തിൽപ്പെടുന്ന അനുയോജ്യരായ പുരുഷന്മാരെ തേടുന്നു’ എന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. പരസ്യം വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
പരസ്യം തട്ടിപ്പാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ‘അതി സമ്പന്നരായ കുടുംബത്തിന് എന്തിനാണ് ഇത്തരത്തിലൊരു വിവാഹപരസ്യം നൽകേണ്ട ആവശ്യം’ എന്നാണ് ഒരാൾ ചോദിച്ചത്. ‘500 കോടി ആസ്തിയുള്ള കുടുംബം അഞ്ച് രൂപ വിലയുള്ള പത്രത്തിൽ പരസ്യം കൊടുക്കുമെന്ന് കരുതുന്നില്ലാ’യെന്ന് മറ്റൊരാൾ പറഞ്ഞു. ‘ഈ പരസ്യം തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ ബുദ്ധിജീവി ആകേണ്ടതില്ല, സാമാന്യ ബുദ്ധിമതി’ എന്നായിരുന്നു മറ്റൊരു പ്രതികരണം.