രഞ്ജി ട്രോഫി സെമി പ്രവേശം: കേരളത്തിന്റെ പൊന്മാൻ; കാസര്‍കോടിന്റെ അഭിമാനമായി അസ്ഹറുദ്ദീനും

തലശ്ശേരി: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നേരത്തെ ഒരിക്കല്‍ മാത്രം നടന്ന രഞ്ജി ട്രോഫി സെമിപ്രവേശം കേരളം ആഘോഷിക്കുമ്ബോള്‍ കണ്ണൂരുകാർക്കും കാസർകോട്ടുകാർക്കും അഭിമാനിക്കാൻ ഏറെ.
ജമ്മു കാഷ്മിരിനെതിരെ ഇരു ഇന്നിംഗ്സുകളിലും നങ്കൂരമിട്ട് പൊരുതിയ തലശ്ശേരിക്കാരനായ സാല്മാൻ നിസാറും രണ്ടാം ഇന്നിംഗ്സില്‍ സാല്മാന് വേണ്ടുന്ന പിന്തുണ നല്കിയ കാസർകോട് തളങ്കരക്കാരൻ മുഹമ്മദ് അസറുദ്ദീനിലൂടെയുമാണിത്.
ഇന്ത്യൻ ക്യാപ്റ്റൻ സാക്ഷാല്‍ രോഹിത് ശർമ്മ അണിനിരന്ന മുംബൈയേയും രഞ്ജിയിലെ അഭിജാത ടീമുകളിലൊന്നായ ബറോഡയേയും അട്ടിമറിച്ചെത്തിയ കാഷ്മീർ പഴയപോലെ ദുർബലടീമായിരുന്നില്ല എന്നയിടത്താണ് ഇരുവരും കൂടി നേടിയെടുത്തത് ഐതിഹാസിക വിജയമാകുന്നത്.
വിജയരഹസ്യം കഠിനപരിശീലനം
അതി കഠിനവും അടുക്കും ചിട്ടയുമാർന്ന പരിശീലനവും എളിമയും, ലാളിത്യവുമുള്ള പെരുമാറ്റവുമാണ് സാല്മാൻ നിസാറിന്റെ പ്രത്യേകതയെന്ന് സുഹൃത്തും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുമായ ഫിജാസ് പറയുന്നു.
. ജൂനിയേർസിന് പ്രചോദനമാകുന്ന പ്രകൃതം.ഓപ്പണിംഗ് മുതല്‍ ഏഴ് വരെയുള്ളയുള്ള പൊസിഷനുകളില്‍ സാല്മാൻ ബാറ്റ് ചെയ്യും. കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്റെ ക്യാപ്റ്റനായിരുന്നു സാല്മാൻ.ബി.സി.സി.യുടെ വിജയ് ഹസാരെ ടൂർണ്ണമെന്റില്‍ തിളങ്ങിയതിന് പിന്നാലെയാണ് രഞ്ജിയില്‍ കേരളത്തിന്റെ വമ്ബൻ നേട്ടത്തിന് ചുക്കാൻ പിടിക്കാൻ സാല്മാന് കഴിഞ്ഞത്.
ഒൻപതാം വയസ്സില്‍ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ സെല്മാൻ പിന്നീട് എറണാകുളം ക്രിക്കറ്റ് അക്കാഡമിയിലൂടെയാണ് കളിയില്‍ വളർന്നത്. വിജയ് മർച്ചന്റ് ട്രോഫി , വിനു മങ്കാദ് ട്രോഫി , കൂച്ച് ബഹാർ ട്രോഫി , കേണല്‍ സി.കെ.നായിഡു ട്രോഫി എന്നിവയിലും വലിയ നേട്ടങ്ങള്‍ തന്നെ കൊയ്തു.
2018-19 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരള ടീമിലും സല്മാൻ ഉണ്ടായിരുന്നു. .2023-24 തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സല്മാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീം,അണ്ടർ 23, അണ്ടർ 19,അണ്ടർ 16,അണ്ടർ 14 കേരള ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്.തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റേയും മകനായ സല്മാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങള്‍.
ഇന്ത്യൻ ക്യാപ്റ്റനോടുള്ള ആരാധനയില്‍ അസ്ഹറുദ്ദീന് പേരുവീണു
കേരളത്തിന് ഏറെ നിർണായകമായ രണ്ടാം ഇന്നിംഗ്സില്‍ സാല്മാൻ നിസാറിനോടൊപ്പം പൊരുതി 118 പന്തുകളെ അതിജീവിച്ച് 67 റണ്‍സ് നേടിയ കാസർകോട് തളങ്കരക്കാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ പലത തവണ കേരളത്തിനായി രക്ഷകവേഷം അണിഞ്ഞിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധനമൂലം മൂത്ത സഹോദരൻ കമറുദ്ദീനാണ് എട്ട് സഹോദരങ്ങളിലെ ഏറ്റവും ഇളയവനും ഈ പേരിട്ടത്. പത്താം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹർ 11-ാം വയസ്സില്‍ അണ്ടർ 13 ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹർ പിന്നീടു കാസർകോടിനെയും നയിച്ചു. ഒൻപതാംക്ളാസില് പഠിക്കുമ്ബോള്‍ മുത്തോലിയിലെ കെ.സി.എ അക്കാഡമിയില്‍ പരിശീലനം നേടി. 10-ാം ക്ലാസ് കോട്ടയത്തെ തന്നെ മാന്നാനം സെന്റ് എഫ്രേംസ് അക്കാഡമിയിലും. ശേഷം കൊച്ചി തേവര എസ്.എച്ച് സ്കൂളിലും കോളജിലുമായി ഹയർ സെക്കൻഡറിയും ഡിഗ്രിയും പഠിച്ചു. കെ.സി.എയുടെ കൊച്ചി അക്കാഡമിയിലായിരുന്നു അന്ന് പരിശീലനം. ആ കാലഘട്ടത്തില്‍ കോച്ചായിരുന്ന ബിജുമോനാണു പ്രഫഷനല്‍ ക്രിക്കറ്റ് താരമെന്ന തലത്തിലേക്കു തന്നെ വളർത്തിയതെന്ന് അസ്ഹർ പറയുന്നു.2015-16 സീസണില്‍ കേരളത്തിന്റെ രഞ്ജി ടീം ഇലവനില്‍ ഇടം കണ്ടെത്തി. 2015 നവംബർ 14ന് ഗോവയ്ക്കെതിരെ ആദ്യ രഞ്ജി മത്സരം കളിച്ചു. ഇന്നിങ്സ് വിജയം നേടിയ ആ കളിക്കു ശേഷം പരുക്കു മൂലമല്ലാതെ ഒരിക്കല്‍ പോലും അസ്ഹർ ടീമിനു പുറത്തുപോയിട്ടില്ല.

