ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടു: ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട്

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ ഇമ്രാൻ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല. 73 വയസ്സുള്ള ഇമ്രാൻ ഖാന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ നൽകിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മക്കളുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണിൽ സംസാരിക്കാൻ അനുവദിച്ചത്. നിലവിൽ ഭാര്യയെ ആഴ്ചയിലൊരിക്കൽ 30 മിനിറ്റ് കാണാൻ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഇമ്രാൻ ഖാനെ ശാരീരികമായും മാനസികമായും തകർക്കാൻ പാക്കിസ്ഥാൻ സൈന്യവും സർക്കാരും നടത്തുന്ന നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നാണ് അമിക്യസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത്.

