KSDLIVENEWS

Real news for everyone

സിഎഎ ചട്ടങ്ങൾ സ്റ്റേ ചെയ്യണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി

SHARE THIS ON

മലപ്പുറം: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. കോടതിയിൽ നിലവിലുള്ള കേസിന്റെ പ്രധാന ഹർജിക്കാരാണ് മുസ്‌ലിം ലീഗ്. കേന്ദ്രസർക്കാർ കോടതിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് ലീഗ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം ഉച്ചയ്ക്ക് 12 മണിയ്ക്ക് പാണക്കാട് ചേരും.

അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ മുസ്‌ലിങ്ങളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ല. മുസ്‌ലിങ്ങൾക്കും പൗരത്വം റജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ലീഗ് ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വമെന്ന വ്യവസ്ഥ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ ഹാരിസ് ബീരാനാണ് ലീഗിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഡിവൈഎഫ്ഐയും സുപ്രീംകോടതിയെ സമീപിക്കുമെന്നാണു വിവരം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!