കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പാർലമെന്റിൽ സംസാരിച്ചതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്?- മന്ത്രി റിയാസ്

കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണോ തൃശ്ശൂരിലെ സിറ്റിങ് എം.പി. ടി.എന്‍. പ്രതാപന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്ന ചോദ്യവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന് കിട്ടാനുള്ള തുകയെത്രയാണോ അത് കൊടുക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണന്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു റിയാസ്.
‘കേരളത്തിന് അര്‍ഹതപ്പെട്ട പണം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലും എം.പിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയോ? ഒരു എം.പി. മിണ്ടി. അത് ടി.എന്‍. പ്രതാപനാണ്, തൃശ്ശൂരിലെ എം.പി. അദ്ദേഹത്തിനിപ്പോള്‍ സീറ്റുമില്ല’, മന്ത്രി പറഞ്ഞു.
‘കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിച്ചതിന് തൃശ്ശൂരിലെ സീറ്റ് പ്രതാപന് നിഷേധിച്ചിരിക്കുകയാണ്. മറ്റെല്ലാ സിറ്റിങ് എം.പിമാരും മത്സരിച്ചു. എന്നാല്‍ പ്രതാപന് സീറ്റില്ല. പാര്‍ലമെന്റില്‍ കേരളത്തിന് കിട്ടേണ്ട പണത്തെക്കുറിച്ച് ക്യാമ്പയിൻ ശക്തമാക്കിയതിന്റെ ഭാഗമായി ആ പാവം ടി.എന്‍. പ്രതാപന്‍ പാര്‍ലമെന്റില്‍ സംസാരിച്ചു. കേരളത്തിന് കിട്ടാനുള്ള തുകയെത്ര, അത് കൊടുക്കണമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. ടി.എന്‍. പ്രതാപനിപ്പോള്‍ സീറ്റ് കിട്ടിയില്ല. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണോ ടി.എന്‍. പ്രതാപന് സീറ്റ് നിഷേധിച്ചത്? ഇത് പൊതുവായി നാട്ടില്‍ ഉയര്‍ന്നുവരേണ്ട വിഷയമാണ്’, റിയാസ് കൂട്ടിച്ചേര്‍ത്തു.