KSDLIVENEWS

Real news for everyone

ലഹരി ഉപയോഗം പിടിക്കാൻ കേരള മോഡൽ; വാഹനാപകടങ്ങൾ കൂടുന്നു, അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ മഹാരാഷ്ട്ര

SHARE THIS ON

മുംബൈ: റോഡ് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, രാസലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് കണ്ടെത്താനായി അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ. ഉമിനീർ സാംപിൾ പരിശോധിക്കാനുള്ള ഉപകരണങ്ങളാണ് വാങ്ങുന്നത്. 5 മിനിറ്റിനകം ഫലം ലഭിക്കും. രാസലഹരി, എംഡിഎംഎ, കഞ്ചാവ്, ബ്രൗൺ ഷുഗർ എന്നിവ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അതുവഴി കണ്ടെത്താനാകും. ഇത്തരം ഉപകരണങ്ങൾ 2023 മുതൽ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.

മഹാരാഷ്ട്രയിൽ റോ‍ഡ് അപകടങ്ങളിൽ, പ്രതിദിനം 40 പേർ മരിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കിയെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടില്ല. ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വാഹനാപകടങ്ങളിൽ മരിക്കുന്നതു കൂടിയിട്ടുണ്ട്. അതിനിടെ, തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ പ്രഭാതനടത്തത്തിനു പ്രത്യേക നടപ്പാതയൊരുക്കണമെന്ന ആവശ്യം ശക്തമായി. റോഡിനു കുറുകെ കടക്കാനായി കൂടുതൽ സീബ്രാ ക്രോസിങ്ങുകൾ ഒരുക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ടും നാളുകളായി.

വില്ലൻ അമിതവേഗവും

അമിതവേഗവും ലഹരി ഉപയോഗവും മൂലമാണ് കൂടുതൽ അപകടങ്ങളുമുണ്ടായതെന്നാണ് പൊലീസ് റിപ്പോർട്ട്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അടുത്ത വില്ലൻ. സീറ്റ് ബെൽറ്റ് ധരിക്കാതെ, റോഡുകളിലെ ലൈനുകൾ ശ്രദ്ധിക്കാതെ, അലക്ഷ്യമായി വാഹനം ഓടിക്കുക, മുന്നറിയിപ്പുകളും സിഗ്‌നലും നൽകാതെ മറ്റു വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയും അപകടങ്ങൾക്കിടയാക്കുന്നു.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന അപകടങ്ങൾ–36,084
കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന അപകടമരണങ്ങൾ–15,355

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!