പൈവളികയിൽ വിദ്യാർഥിനിയും ടാക്സി ഡ്രൈവറും മരിച്ച സംഭവം: കേസിലെ വഴിത്തിരിവ് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് പൈവളിഗെയിൽ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ടാക്സി ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി ഇന്ന് നേരിട്ടു ഹാജരാകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. മാതാവ് പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായ അന്വേഷണം നടത്തിയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.
പെൺകുട്ടിയെ കാണാതായിട്ടു 29 ദിവസമായിരുന്നു. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജി കഴിഞ്ഞദിവസം ഹൈക്കോടതിയിലെത്തിയിരുന്നു. പരാതി നൽകിയിട്ട് ആഴ്ചകളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഫലപ്രദമായും വേഗത്തിലും നടപടിയെടുത്തിരുന്നെങ്കിൽ മകൾ ജീവനോടെയുണ്ടാകുമായിരുന്നെന്ന് അമ്മ അറിയിച്ചിരുന്നു. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു കേസ് പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു.
കേസിലെ ഈ വഴിത്തിരിവ് ഞെട്ടിപ്പിക്കുന്നതാണെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹർജി ഇപ്പോൾ തീർപ്പാക്കുന്നത് ന്യായീകരിക്കാനാവില്ല. അന്തിമ തീരുമാനത്തിലെത്തുന്നതിനു മുൻപ് എന്താണു കൃത്യമായി സംഭവിച്ചതെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. വിദ്യാർഥിനിയെയും ടാക്സി ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ ഡയറിയും ഹാജരാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, 15 വയസ്സുകാരിയുടെയും ടാക്സി ഡ്രൈവറായ പ്രദീപിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും മൃതദേഹത്തിനു 3 ആഴ്ചയിലേറെ പഴക്കമുണ്ടെന്നും വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫൊറൻസിക് ലാബിലേക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു. ഫെബ്രുവരി 12നു പുലർച്ചെയാണ് വിദ്യാർഥിനിയെയും പ്രദീപിനെയും വീട്ടിൽനിന്നു കാണാതായത്.