KSDLIVENEWS

Real news for everyone

തദ്ദേശ തിരഞ്ഞെടുപ്പില്‍ 10 ല്‍ 9 മേയര്‍ സ്ഥാനവും ബിജെപിക്ക്: ഹരിയാണയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

SHARE THIS ON

ന്യൂഡല്‍ഹി: ഹരിയാണയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ബി.ജെ.പി. മുന്നേറ്റം. പത്ത് കോര്‍പറേഷനുകളില്‍ ഒന്‍പത് ഇടങ്ങളിലും ബി.ജെ.പി. മികച്ച വിജയം നേടി. ഹരിയാണയില്‍ നിയമസഭാ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്‌. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ്‌ ഹൂഡയുടെ ശക്തികേന്ദ്രങ്ങളായ ഗുരുഗ്രാം, റോത്തക്ക്‌ മേഖലകളിലും മേയര്‍ സ്ഥാനം ബി.ജെ.പി പിടിച്ചു.

ബി.ജെ.പിക്ക് നഷ്ടമായ മനേസറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി. വിമതന്‍ ഡോ.ഇന്ദര്‍ജിത് യാദവാണ് വിജയിച്ചത്. ഹരിയാനയില്‍ ട്രിപ്പില്‍ എന്‍ജിന്‍ സര്‍ക്കാരിന് നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി അഭിപ്രായപ്പെട്ടത്. ബി.ജെ.പിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത്‌ ഭാരത് എന്ന ഉദ്യമം നിറവേറ്റുന്നതിന് നമ്മുടെ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വലിയ ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അന്തിമഫലം സമ്മാനിച്ചത്. എന്നാല്‍ പോലും വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഗുരുഗ്രാം മേയര്‍ സ്ഥാനത്തേക്ക് ഉള്‍പ്പടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തി ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.

മുഖ്യമന്ത്രി നയാബ് സെയ്‌നിയേയും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഹരിയാനയിലെ ബി.ജെ.പി. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ഭുപീന്ദര്‍ സിങ്‌ ഹൂഡ എന്നിവരായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന മുഖങ്ങള്‍.

റോത്തക്കിലെ പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്ഥാനാര്‍ഥികളാണ് റോത്തക്കില്‍ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഒരുലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ബി.ജെ.പിയുടെ റാം അവതാര്‍ ഇവിടെ വിജയിച്ചത്. 45,000 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുരാജ്മാല്‍ കിലോയ്ക്ക് ലഭിച്ചത്. ഹൂഡയുടെ സ്വന്തം സ്വന്തം തട്ടകമാണ്‌ റോത്തക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!