KSDLIVENEWS

Real news for everyone

ഇറാൻ അന്ന് ഇന്നത്തെ ദുബായിയേക്കാൾ സുന്ദരം; ഓർമകളുമായി ഉപ്പളയിലെ ‘ഇറാനി ഡോക്ടർ’

SHARE THIS ON

കാസർകോട്: ഇന്ന് യു.എ.ഇ.യും ദുബായിയും എങ്ങനെയാണോ അതിലും സുന്ദരമായിരുന്നു അന്ന് ഇറാൻ. പരസ്പരസ്നേഹവും സാഹോദര്യവും പുലർത്തുന്നവർ. വിദേശികളോടുള്ള ആതിഥേയത്വവും ശ്രദ്ധേയം. ഇന്നിപ്പോൾ ഇറാൻ യുദ്ധമുനയിൽ നിൽക്കുമ്പോൾ ഉള്ളുലയ്ക്കുന്ന വേദനയോടെയാണ് നാലരപ്പതിറ്റാണ്ട് മുൻപ് അവിടെ ഡോക്ടറായി സേവനംചെയ്തപ്പോഴുള്ള അനുഭവം കാസർകോട് ഉപ്പള കൈക്കമ്പയിലെ ‘ഇറാനി ഡോക്ടർ’ എന്ന് വിളിക്കുന്ന ഡോ. കെ.പി.മുഹമ്മദ് കുഞ്ഞി (ഡോ. എം.കെ.കുമ്പള) പങ്കുവെക്കുന്നത്‌.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 250 ഡോക്ടർമാരെ ഇറാനിൽ സേവനത്തിനായി നിയോഗിച്ചത്. ഇറാനിൽ പല ഭാഗത്തായിരുന്നു പോസ്റ്റിങ്. “അസർബൈജാൻ വെസ്റ്റിലായിരുന്നു എന്റെ ജോലിസ്ഥലം. എന്നാൽ അഞ്ചുവർഷക്കാലയളവിൽ ഇറാനിൽ പോകാത്ത സ്ഥലങ്ങളില്ല. ഇന്നത്തെപ്പോലുള്ള ദുരനുഭവങ്ങളൊന്നും അന്നില്ല. എല്ലാവരും സ്നേഹത്തോടെ മാത്രമേ ഇടപെട്ടിരുന്നുള്ളൂ. ഇന്നിപ്പോൾ ആ സ്ഥലങ്ങളിലുള്ളവർ നിസ്സഹായരായി നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ”-സ്കൂൾ കുട്ടികൾക്കുപോലും യുദ്ധവെറിയിൽ ജീവൻ നഷ്ടപ്പെട്ടത്‌ പറയുമ്പോൾ ഡോക്ടർക്ക് കണ്ണ്‌ നിറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 1970-ൽ പഠനം പൂർത്തിയാക്കി മൊഗ്രാൽ-പുത്തൂർ, ആരിക്കാടി ആരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്യവെയാണ് ഇറാനിലേക്ക് പോയത്. അഞ്ചുവർഷത്തെ ഡെപ്യൂട്ടേഷനുശേഷം തിരിച്ചെത്തി ആരിക്കാടിയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഇടക്കാലത്ത് ജോലി രാജിവെച്ച് ഉപ്പള കൈക്കമ്പയിൽ ക്ലിനിക്ക്‌ ആരംഭിച്ചു. ഇന്നിപ്പോൾ വിശ്രമജീവിതത്തിലാണെങ്കിലും ഡോക്ടർ ഇടയ്ക്കിടെ ക്ലിനിക്കിലെത്തും.

error: Content is protected !!