KSDLIVENEWS

Real news for everyone

ദേശീയപാത തലപ്പാടി-ചെങ്കള ആദ്യ റീച്ച് ഉദ്ഘാടനം: നുള്ളിപ്പാടിയിൽ ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ച് എൽഡിഎഫ്

SHARE THIS ON

കാസർകോട്: ദേശീയപാതയുടെ തലപ്പാടി മുതൽ ചെങ്കളവരെയുള്ള ആദ്യ റീച്ചിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടക്കുന്നതിനിടെ, നുള്ളിപ്പാടിയിൽ ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ച് എൽഡിഎഫ്. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ ബിജെപി രാഷ്ട്രീയംകളിച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചത്.

കാസർകോട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആദ്യ റീച്ചിന്റെ ഭാഗമായ നുള്ളിപ്പാടിയിലുള്ള എക്സിറ്റിന് സമീപമാണ് ജനകീയ പരിപാടി നടത്തിയത്. മംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞ് റിബ്ബൺ കെട്ടിയായിരുന്നു പരിപാടി. ഇതിനിടെ ആംബുലൻസെത്തിയപ്പോൾ റിബ്ബൺ മാറ്റി ആംബുലൻസ് മാത്രം കടത്തിവിട്ടു.

സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി.എം.എ കരീം പ്രസംഗിച്ചു. ചടങ്ങുനടന്ന സമയത്ത് ദേശീയപാതയിൽനിന്നു വാഹനങ്ങൾ സർവീസ് റോഡിലേക്കു പ്രവേശിച്ചതുമൂലം ചെറിയ ഗതാഗതക്കുരുക്കുണ്ടായി. പരിപാടി കഴിഞ്ഞയുടൻ കുരുക്കും അവസാനിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ക്ഷണമില്ലാത്തതിനെ തുടർന്ന് സർക്കാർ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രിക്കു ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പങ്കെടുത്തു.

കേന്ദ്ര നടപടിയെ വിമർശിച്ച് എംഎൽഎ
യുഡിഎഫിന്റെ കാലത്ത് ഉപേക്ഷിച്ചുപോയ പദ്ധതി എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പുനരാരംഭിക്കുകയായിരുന്നെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.

കേന്ദ്രം പിന്തിരിഞ്ഞപ്പോൾ ദേശീയപാതയ്ക്കു സ്ഥലമേറ്റെടുക്കാൻ 25 ശതമാനം തുകയായ 6000 കോടി നൽകിയത് സംസ്ഥാന സർക്കാരാണ്. അങ്ങനെ പണം കൊടുക്കേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. 10 വർഷത്തിനിടെ ഉണ്ടായ പല പ്രശ്നങ്ങളും പരിഹരിച്ചതും റിവ്യൂ മീറ്റിങ്ങുകൾ ചേർന്നതും മുഖ്യമന്ത്രി മുൻകയ്യെടുത്താണ്. ഇത്തരമൊരു പദ്ധതിയുടെ ഉദ്ഘാടനം നടക്കുമ്പോൾ സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അറിയിക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് പൂർത്തിയായ ആദ്യ റീച്ച്
സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ചാണ് തലപ്പാടി–ചെങ്കള. ദേശീയപാത അതോറിറ്റിയുടെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നേടി കഴിഞ്ഞ വർഷം ഒക്ടോബറിൽതന്നെ ഗതാഗതം ആരംഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് നേടിയ സംസ്ഥാനത്തെ ആദ്യ ദേശീയപാത റീച്ചാണ് 39 കിലോമീറ്റർ നീളമുള്ള തലപ്പാടി–ചെങ്കള. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ആരിക്കാടി ടോൾ പ്ലാസയുമായി ബന്ധപ്പെട്ട വിവാദമാണ് ആദ്യത്തേത്.

അദ്ഭുതം,മേൽപാലം
കാസർകോട് നഗരത്തിലൂടെ കടന്നുപോകുന്ന ഒറ്റത്തൂൺ മേൽപാലമാണ് റീച്ചിലെ പ്രധാന ആകർഷണം. 27 മീറ്ററാണ് പാലത്തിന്റെ വീതി. കറന്തക്കാട് തുടങ്ങുന്ന പാലം നുള്ളിപ്പാടിയിൽ അവസാനിക്കും. 90 തൂണുകളുള്ള പാലത്തിന് 1.12 കിലോമീറ്റർ നീളമുണ്ട്. ഗതാഗത നിയമം കർശനമായി നടപ്പാക്കുന്നതിനായി റീച്ചിലാകെ 59 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 500 മീറ്റർ ദൂരത്തിലുള്ള ദൃശ്യംവരെ ക്യാമറയിൽ ലഭിക്കും. ഇതിൽ 39 എണ്ണം 360 ഡിഗ്രി തിരിയും. അപകടങ്ങളുണ്ടായാൽ ഓട്ടമേറ്റഡ് സംവിധാനത്തിൽ അലാം മുഴങ്ങും. ആംബുലൻസ് സംവിധാനവും കൺട്രോൾ റൂമിന്റെ ഭാഗമാണ്. റീച്ചിലെ നിർമാണജോലികൾ ആരംഭിച്ചത് 2021ൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!