കാത്തിരിപ്പുമാത്രം ബാക്കി: സർവീസ് റോഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തുന്നില്ലെന്ന് പരാതി

കാസർകോട്: ജില്ലാ ആസ്ഥാന കേന്ദ്രങ്ങളായ വിദ്യാനഗർ, കലക്ടറേറ്റ് ജംക്ഷൻ എന്നിവിടങ്ങളിലെ ദേശീയപാത സർവീസ് റോഡ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസുകൾ നിർത്തുന്നില്ലെന്ന് പരാതി. ദേശീയപാത അതോറിറ്റി പ്രധാന സ്ഥലങ്ങളിലെല്ലാം ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പല ബസുകളും ഇവിടെ നിർത്തുന്നില്ല. അടിപ്പാതയ്ക്കു സമീപം ട്രാഫിക് സിഗ്നൽ ബോക്സ് ആയി മഞ്ഞവര അടയാളപ്പെടുത്തിയ ഭാഗത്തുൾപ്പെടെയാണ് നിർത്തുന്നതായി പരാതി.
ബസിന്റെ മുകൾഭാഗം തട്ടി കേടുപാട്; പരിഹാരം വീപ്പ
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകൾഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ ബസിന്റെ മുകൾഭാഗം ഇതിൽ തട്ടി കേടുപാടുണ്ടാകുന്നെന്നാണ് ബസ് ഉടമകളുടെ പരാതി. 5 മാസം മുൻപ് വിദ്യാനഗർ ബിസി റോഡിൽ ബസിടിച്ച് കാത്തിരിപ്പുകേന്ദ്രം തകർന്നുവെന്നു മാത്രമല്ല ബസിനും കേടുപാടുണ്ടായി. ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ച റോഡ് നിർമാണക്കമ്പനി അധികൃതർ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ബസിന്റെ മുകൾഭാഗം തട്ടുന്നതു കാരണം ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് സമീപം ഒരു വീപ്പകൂടി റോഡിൽ സ്ഥാപിച്ചാണ് ഇതിനു പരിഹാരം കണ്ടത്.
നടപ്പാതയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രണ്ടു കാലും സ്ഥാപിച്ചിട്ടുള്ളത്. റോഡിൽനിന്നു വിട്ടുപോകാൻ ബസിനിടമില്ല. വളരെ വീതി കുറഞ്ഞ റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്നു യാത്രക്കാരെ കയറ്റുന്ന സമയത്ത് ബസ് ബേ ഇല്ല. റോഡിൽതന്നെ നിർത്തിയിടുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാവുകയാണ്. ഡ്രൈവർ ബസ് ഒതുക്കുമ്പോൾ കാത്തിരിപ്പു കേന്ദ്രത്തിന്റെ പുറത്തേക്കു തള്ളിനിൽക്കുന്ന ഭാഗം ബസിന്റെ മുകൾ ഭാഗത്ത് തട്ടുന്നു.
യാത്രക്കാർക്ക് ഓട്ടം
കാസർകോട് ഭാഗത്തേക്ക് വരുമ്പോൾ ചില ബസുകൾ അണങ്കൂർ ബസ് സ്റ്റോപ്പിലും അണങ്കൂർ ടൗണിലും വരുന്നില്ല. അണങ്കൂർ ബസ് കാത്തിരിപ്പുകേന്ദ്രം എത്തുന്നതിനു മുൻപ് പ്രധാനപാതയിലേക്കുള്ള എൻട്രി ഭാഗത്ത് നിർത്തി യാത്രക്കാരെ ഇറക്കി പ്രധാനപാത വഴി നുള്ളിപ്പാടി സർവീസ് റോഡ് എക്സിറ്റ് കടന്നാണ് വരുന്നത്. സർവീസ് റോഡിൽ അണങ്കൂർ ബസ് കാത്തിരിപ്പുകേന്ദ്രംവഴി അണങ്കൂർ ടൗണിലെത്തുന്ന ബസുകളും അടിപ്പാതയ്ക്ക് സമീപം നിർത്തുന്നത് വലിയ ഗതാഗതത്തടസ്സത്തിനു കാരണമാകുന്നുണ്ട്. കാസർകോട്–ചെർക്കള ഭാഗത്തേക്കും ചെർക്കള ഭാഗത്തുനിന്നു കാസർകോട് ഭാഗത്തേക്കും സർവീസ് റോഡിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഇതുകൂടിയാകുമ്പോൾ അടിപ്പാത സമീപവും എൻട്രി, എക്സിറ്റ് ഭാഗത്തും ഗതാഗത തടസ്സവും അപകടം ഉണ്ടാകാൻ കാരണമാകുന്നു. കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന് മാറ്റിനർത്തുനന ബസ് പിടിക്കാൻ ഇവിടെനിന്നു യാത്രക്കാർ ഓടേണ്ടിവരുന്നതും ദുരിതമാണ്.
സർവീസ് റോഡ്
പുതിയ ബസ് സ്റ്റാൻഡ് കഴിഞ്ഞു പെട്രോൾ ബങ്ക് വരെയും അണങ്കൂരിൽനിന്നു കാസർകോട് ഭാഗത്തേക്ക് വരുമ്പോൾ അണങ്കൂർ ഗവ.ആയുർവേദ ആശുപത്രി എതിർവശം സർവീസ് റോഡിലും ഒരു ബസിനു പോകാനുള്ള വീതി മാത്രമേയുള്ളൂ. ബസ് കാത്തിരിപ്പുകേന്ദ്രം ഒഴിവാക്കി നിയമം ലംഘിച്ച് മറ്റിടങ്ങളിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും തടയാനാവശ്യപ്പെട്ട് നഗരസഭാ മുൻ അംഗം മജീദ് കൊല്ലമ്പാടി കലക്ടർ, ആർടിഒ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

