KSDLIVENEWS

Real news for everyone

പാസ്‌പോർട്ടിൽ എമിറേറ്റ്‌സ് ഐ.ഡി. സ്റ്റാമ്പിങ് പ്രാബല്യത്തിൽ

SHARE THIS ON

ദുബായ് : പാസ്‌പോർട്ടിൽ യു.എ.ഇ.യുടെ താമസവിസ സ്റ്റാമ്പിങ്ങിനുപകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി. സ്റ്റാമ്പിങ് നടപ്പാക്കാനുള്ള തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. വിസാ സ്റ്റാമ്പിങ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനം നിലവിൽവന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ആവശ്യമായ സമയവും അധ്വാനവും പുതിയ രീതി നടപ്പായതോടെ 30 മുതൽ 40 ശതമാനം വരെ കുറയുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്‌ പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു.


മാത്രമല്ല, പുതുതായി വിസയിൽ എത്തുന്നവരും വിസപുതുക്കൽ ആവശ്യമുള്ളവരും വിസാ സ്റ്റാമ്പിങ്ങിനും എമിറേറ്റ്‌സ് ഐ.ഡി.ക്കും രണ്ട് അപേക്ഷകൾ നൽകുകയോ അവയുമായി ബന്ധപ്പെട്ട രണ്ടുതരം നടപടിക്രമങ്ങളിലൂടെ പോവുകയോ ചെയ്യേണ്ടതില്ല. ഒരൊറ്റ അപേക്ഷയിലൂടെതന്നെ നടപടി പൂർത്തിയാക്കാനാവും. കൂടാതെ വിസാ സ്റ്റാമ്പിങ്ങിനായി അപേക്ഷകർ ഇമിഗ്രേഷൻ ഓഫീസുകളിൽ പാസ്‌പോർട്ട് നൽകേണ്ടതുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താമസക്കാരുടെ വിസാ സ്റ്റാറ്റസിന്റെ വിവരങ്ങൾ എമിറേറ്റ്‌സ് ഐ.ഡി.യിൽ അടങ്ങിയിരിക്കുന്നതിനാൽ അത് തെളിവായി സ്വീകരിക്കുമെന്ന് ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റഖാൻ അൽ റാഷിദി വ്യക്തമാക്കി. വിശദമായ പഠനത്തിന് ശേഷമാണ് താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാൻ അതോറിറ്റി തീരുമാനമെടുത്തത്. താമസരേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ മുന്നോടിയായി യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി. അടുത്തിടെ വലിയ പരിഷ്കരണത്തിന് വിധേയമാക്കിയിരുന്നു. പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന വിസയിൽ ഉൾപ്പെടുന്ന മുഴുവൻ വിവരങ്ങളും എമിറേറ്റ്‌സ് ഐ.ഡി.യിലും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!