KSDLIVENEWS

Real news for everyone

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ തുടരും: പിഡിപി

SHARE THIS ON

തിരുവനന്തപുരം∙ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ തുടരാനുള്ള പിഡിപി കേന്ദ്രകമ്മിറ്റി തീരുമാനം പി‍ഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അംഗീകരിച്ചു. ഫാഷിസത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ ഇടതു മതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്നും പിഡിപി കേന്ദ്രകമ്മിറ്റി വിലയിരുത്തി. ബിജെപി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യഭാവിക്ക് അനിവാര്യമാണ്.  പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ജനതയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണെന്നും പിഡിപി ആരോപിച്ചു. 
പാര്‍ട്ടിയുടെ അസ്തിത്വവും പ്രത്യയശാസ്ത്ര നിലപാടുകളും തിരിച്ചറിയുകയും ജനാധിപത്യ പ്രക്രിയയില്‍ അവസരവും അംഗീകാരവും നല്‍കിയ രാഷ്ട്രീയ സംവിധാനമാണ് ഇടതുമുന്നണിയെന്നത് കൂടി അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കാരണമാണെന്നും പിഡിപി വ്യക്തമാക്കി. സംഘപരിവാറിനും ഫാഷിസത്തിനുമെതിരെ താരതമ്യേന മികച്ച രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ ഏറെ വര്‍ഷങ്ങളായി പിഡിപിയുടെ രാഷ്ട്രീയ നിലപാട് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്ന സമീപനത്തോടെയായിരുന്നു. മുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും ഇടതുഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ക്കെതിരെ  ജനാധിപത്യ വിയോജിപ്പ് തുടരുമെന്നും പിഡിപി നേതൃത്വം അറിയിച്ചു. 

മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ബിജെപിക്കെതിരെ രാഷ്ട്രീയ ബദലിനു ശ്രമിക്കുന്നത് രാജ്യം  പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘപരിവാറിനോടും ബിജെപിയോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാനകക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്ന് പിഡിപി കേന്ദ്രകമ്മിറ്റിയും തിരഞ്ഞെടുപ്പ് സമിതിയും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!