കേരളം വിലകൊടുത്ത് വാങ്ങിയ കോവാക്സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിൻ കോവാക്സിന്റെ 1,37,580 ഡോസ് കേരളത്തിലെത്തിച്ചു. ഹൈദരാബാദിൽ നിന്നാണ് വാക്സിൻ കൊച്ചിയിലെത്തിച്ചത്. ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലേക്ക് വാക്സിൻ എത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വാക്സിൻ വിവിധ ജില്ലകളിലേക്ക് അയക്കും. നേരത്തെ സർക്കാർ വിലകൊടുത്ത് വാങ്ങിയ കോവിഷീൽഡ് വാക്സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി വാക്സിനാണ് സർക്കാർ വിലകൊടുത്ത് വാങ്ങുന്നത്. ഇതിൽ 75 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം കോവാക്സിനുമാണ്. ഇതിന്റെ ആദ്യ ബാച്ചുകളാണ് ഇപ്പോൾ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. വിലകൊടുത്ത് വാങ്ങിയ വാക്സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

