ചെറുവത്തൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു തൊഴിലാളി മരിച്ചു: പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍

ചെറുവത്തൂർ: ദേശീയ പാത നിർമ്മാണത്തിനിടയിൽ കുന്നിടിഞ്ഞ് വീണു ഒരു തൊഴിലാളി മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളെ ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പത്തരമണിയോടെ ചെറുവത്തൂർ മട്ടലായിയിലാണ് അപകടം.
കുന്ന് പെട്ടന്നു ഇടിഞ്ഞു താഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫയർഫോഴ്‌സും സ്ഥലത്തെത്തി മറ്റു തൊഴിലാളികളുടെ സഹായത്തോടെ മണ്ണു നീക്കിയാണ് മണ്ണിനടിയിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.
പരിക്കേറ്റ മൂന്നു തൊഴിലാളികളെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിലൊരാൾ മരണപ്പെടുകയായിരുന്നു. അതിഥി തൊഴിലാളികളാണ് എല്ലാവരുമെന്ന് പറയുന്നു. മേഘ കമ്പനിയാണ് ഇവിടെ ദേശീയ പാത നിർമ്മാണം നടത്തുന്നത്.

