KSDLIVENEWS

Real news for everyone

യുഗാന്ത്യം; ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചു

SHARE THIS ON

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം.

‘ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.’

‘ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.’

‘ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് #269 ഇനിയില്ല.’ വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്‍ലി ആകെ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലി കുറിച്ച ചില റെക്കോർഡുകൾ ആരാലും തകർക്കാൻ സാധിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‍ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്‍ലിയുടെ വിജയശതമാനം.

കോഹ്‍ലിയുടെ നായകമികവിൽ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. 2018-2019 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പരമ്പര നേട്ടത്തിന് സാധിച്ചില്ലെങ്കിലും കോഹ്‍ലിയുടെ നായകമികവിൽ ഇന്ത്യയ്ക്ക് ഇവിടെയും ചരിത്രവിജയങ്ങൾ ഉണ്ടായി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‍ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‍ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ തെണ്ടുൽക്കറിനെയും വിരേന്ദർ സെവാഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‍ലിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!