പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈലുകൾ, അവയെ തദ്ദേശീയ ആയുധങ്ങൾക്കൊണ്ട് ഇന്ത്യ തകർത്തു- സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ സേന. ഇന്ത്യയ്ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ് ഇന്ത്യ തകർത്തത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്താസമ്മേളനത്തിൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ എ.കെ. ഭാരതി തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമെങ്കിൽ അടുത്ത മിഷന് തയ്യാറാണെന്നും സേന വ്യക്തമാക്കി.
പാക് താവളങ്ങൾ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു. നൂർഖാൻ വ്യോമതാവളത്തിലെ തിരിച്ചടിയുടെ ദൃശ്യങ്ങളും റഹീമാ ഖാൻ വിമാനത്താവളത്തിന്റെ റൺവേ തകർത്തതിന്റെ ദൃശ്യങ്ങളും സേന പങ്കുവെച്ചു. ഇന്ത്യൻ എയർഫീൽഡ് സുരക്ഷിതമാണെന്ന് സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ ഫയർവാൾ തകർക്കാൻ പാകിസ്താന് സാധിച്ചില്ലെന്ന് എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. ഇന്ത്യ തകർത്ത ഡ്രോണുകൾ ചൈന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നുവെന്നും സേന അറിയിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലും സൈന്യം ആക്രമണം നടത്തിയെന്നും സ്ഥിരീകരിച്ചു.
ഭീകരവാദികൾക്കുവേണ്ടി പാക് സൈന്യം ഇടപെടാൻ തീരുമാനിച്ചത് ഏറെ അപലപനീയമാണ്. ഇന്ത്യ പ്രതികരിക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നും എയർമാർഷൽ എ.കെ. ഭാരതി പറഞ്ഞു. പാക് സൈന്യത്തോടല്ല, ഭീകരരോടാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാക് സൈന്യം ഇടപെട്ട് ഭീകരർക്കുവേണ്ടി പോരാടാൻ തീരുമാനിക്കുകയായിരുന്നെന്നും അതേരീതിയിൽ പ്രതികരിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായെന്നും സേന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാക് ആക്രമണങ്ങളെ ശക്തമായി ചെറുത്തുവെന്ന് എയർമാഷൽ എ.കെ. ഭാരതി പറഞ്ഞു. പാകിസ്താൻ ഉപയോഗിച്ച നിരവധി ഡ്രോണുകളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ നാവികപ്രതിരോധ സേനയും ശക്തമായി തിരിച്ചടിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വിജയകരമായി ഉപയോഗിച്ചെന്നും സേന അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണ ജനങ്ങൾക്കും നാശനഷ്ടങ്ങൾ കുറയ്ക്കാൻ സേന ശ്രദ്ധിച്ചെന്നും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.