KSDLIVENEWS

Real news for everyone

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24 പേര്‍- ഐഎംഎ

SHARE THIS ON

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേർ. കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ 24 ഡോക്ടർമാർ മരിച്ചതായും ഐഎംഎ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹി-109, ഉത്തർപ്രദേശ്- 79, പശ്ചിമബംഗാൾ-63, രാജസ്ഥാൻ- 43 എന്നിങ്ങനെയാണ് ഡോക്ടർമാർ കൂടുതൽ മരിച്ച സംസ്ഥാനങ്ങൾ. ഒരു ഡോക്ടർ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ടു വീതം ഡോക്ടർമാരും പഞ്ചാബിൽ മൂന്നു ഡോക്ടർമാരുമാണ് മരിച്ചത്. ബിഹാറിൽ ഡോക്ടർമാരുടെ മരണ സംഖ്യ ഏറ്റവും ഉയർന്നു നിൽക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഐഎംഎയുടെ ബിഹാർ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച ഡോക്ടർമാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നൽകാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്ടർമാർ മരിച്ചതായി നേരത്തെ ഐഎംഎ വെളിപ്പെടുത്തിയിരുന്നു. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ രാജ്യത്ത് പലയിടത്തും നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രികൾ സംരക്ഷിത മേഖലകൾ ആയി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!